മുന്നണിയിൽ കൂടിയാലോചനകളില്ല, പരസ്യവിമർശനവുമായി ഗണേശ്

Sunday 29 January 2023 12:00 AM IST

തിരുവനന്തപുരം: ഇടത് എം.എൽ.എമാരുടെ യോഗത്തിൽ കഴിഞ്ഞ ദിവസം സർക്കാരിനെതിരെ തുറന്നടിച്ച കേരള കോൺഗ്രസ്-ബി നേതാവ് കെ.ബി. ഗണേശ് കുമാർ ഇന്നലെ പരസ്യ വിമർശനവുമായി രംഗത്തെത്തി. മുന്നണിയിൽ ആരോഗ്യകരമായ കൂടിയാലോചനകളില്ലെന്ന് ഇന്നലെ പാർട്ടി സംസ്ഥാനസമിതി യോഗത്തിന് ശേഷം ഗണേശ് കുമാർ പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിന്റെ പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച ഗണേശ് കുമാർ, മന്ത്രി കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്യുന്ന പട്ടികജാതി-വർഗ, പിന്നാക്ക ക്ഷേമ വകുപ്പിനെ പുകഴ്ത്തുകയും ചെയ്തു.

 ജില്ലാ പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിനുമൊന്നും പ്രവർത്തിക്കാൻ ഫണ്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് വികസനത്തെ സാരമായി ബാധിച്ചു. കേന്ദ്രം പലവിധത്തിൽ വരുമാനം കുറയ്ക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് പൊതുജനത്തെ അറിയിക്കാൻ ധവളപത്രം ഇറക്കണം.

 പഞ്ചായത്തുകൾ വഴിയുള്ള റോഡു പണികൾ വളരെ കുറവാണ്. അതിനെക്കുറിച്ചാണ് ഏറെ പരാതി. അതിൽ രാഷ്ട്രീയമില്ല. പല പഞ്ചായത്തുകൾക്കും മെയിന്റനൻസിന് പോലും പണമില്ല. റോഡുകളുടെ അറ്റകുറ്റപ്പണികൾ തീരാത്തതിനാൽ മണ്ഡലങ്ങളിൽ എം.എൽ.എമാർക്ക് പോകാനാവാത്ത സാഹചര്യമാണ്. ഇക്കാര്യങ്ങൾ തുറന്നുപറയാൻ മടിയില്ല.

 ഇടതുമുന്നണിയിൽ കൂടിയാലോചനകൾ കുറവാണ്. വികസനരേഖയിൽ പോലും ആരോഗ്യകരമായ ചർച്ചകൾ നടന്നില്ല. അഭിപ്രായം മാത്രമാണ് ചോദിച്ചതെന്നും ഗണേശ് കുമാർ പറഞ്ഞു.

''ഏതെങ്കിലും സ്ഥാനം ലഭിക്കുമെന്ന് കരുതി അഭിപ്രായം പറയാതിരിക്കുന്ന വ്യക്തിയല്ല ഞാൻ. പൊതുജനത്തിന്റെ വികാരം തുറന്നു പറയും. മന്ത്രിസ്ഥാനമോ മറ്റ് പദവികളോ ലഭിക്കുമെന്ന് കരുതി കൂടെയുള്ള പാർട്ടി നേതാക്കളെയോ ജനങ്ങളെയോ വഞ്ചിച്ചുകൊണ്ട് പ്രവർത്തിക്കില്ല."- കെ.ബി. ഗണേശ് കുമാർ