ബഫർസോൺ :രാഷ്ട്രീയ നിയമ നടപടികൾക്ക് കോൺഗ്രസ്

Sunday 29 January 2023 12:00 AM IST

തിരുവനന്തപുരം: ബഫർസോണിൽ സർക്കാർ ഒളിച്ചുകളിയും ഇരട്ടത്താപ്പും തുടരുന്നതിനെതിരെ ശക്തമായ രാഷ്ട്രീയനിയമ നടപടികൾ സ്വീകരിക്കാൻ കെ.പി.സി.സിയുടെ ബഫർസോൺ ഉപസമിതി യോഗം തീരുമാനിച്ചു. സുപ്രീംകോടതിയിലെ കേസിൽ കോൺഗ്രസ് കക്ഷിചേരും. കെ.പി.സി.സി ഉപസമിതി ബഫർസോൺ മേഖലകൾ സന്ദർശിച്ച് പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തി പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകും. കർഷകരുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾക്കും പ്രതിഷേധങ്ങൾക്കും രൂപം നൽകും.

ഉമ്മൻചാണ്ടി സർക്കാർ ജനവാസ മേഖലകളെ ബഫർസോൺ പരിധിയിൽ നിന്ന് പൂർണമായി ഒഴിവാക്കിയിരുന്നു. അതിന് വിരുദ്ധമായി മനുഷ്യവാസ കേന്ദ്രങ്ങൾ ഇക്കോ സെൻസിറ്റീവ് സോണായി പുനർനിർണയിക്കാൻ ഇടതുസർക്കാർ 2019 ഒക്ടോബറിൽ ഉത്തരവ് ഇറക്കിയിരുന്നു. ഇത് പിൻവലിക്കാത്തതിലുള്ള അമർഷം കമ്മിറ്റി രേഖപ്പെടുത്തി. ഉത്തരവ് നിലനിൽക്കുന്നത് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടിക്ക് കാരണമായേക്കാമെന്ന് യോഗം വിലയിരുത്തി.

ഉപസമിതി ചെയർമാൻ സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ, അംഗങ്ങളായ എ.പി അനിൽകുമാർ,മാത്യൂ കുഴൽനാടൻ എംഎൽഎ, അംഗങ്ങളായ പി.എ.സലിം, കെ.കെ.എബ്രഹാം, അഡ്വ എസ്.അശോകൻ,ജോസി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement