നന്ദനയുടെ സ്കൂൾ യാത്ര വൈകും, പഞ്ചായത്തിന്റെ റോഡ് 33 മീറ്ററിൽ ഒതുങ്ങി, ഇനിയും വേണം 81 മീറ്റർ

Sunday 29 January 2023 12:17 AM IST

പത്തനംതിട്ട : ഈ അദ്ധ്യയന വർഷമെങ്കിലും സ്കൂളിലെത്തി പഠിക്കണമെന്ന് ആഗ്രഹിച്ച ഭിന്നശേഷിക്കാരി നന്ദനയ്ക്ക് അതിനുള്ള അവസരം ഉണ്ടാകുമെന്ന് തോന്നുന്നില്ല. വീൽ ചെയർ ഉരുളാൻ 114 മീറ്റർ റോഡാണ് ആവശ്യം. എന്നാൽ നാരങ്ങാനം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 33 മീറ്റർ കോൺക്രീറ്റ് റോഡ് നിർമ്മിക്കാനാണ് പദ്ധതിയൊരുക്കിയിരിക്കുന്നത്. അവശേഷിക്കുന്ന 81 മീറ്റർ വഴി കോൺക്രീറ്റ് ചെയ്യാൻ എം.എൽ.എ ഫണ്ട് മാത്രമാണ് ആശ്രയമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. 114 മീറ്റർ കുത്തനെയുള്ള നടവഴി മണ്ണിട്ട് നികത്തി കോൺക്രീറ്റ് ചെയ്യുന്നതിന് അഞ്ച് ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ കണക്ക് കൂട്ടൽ. അത് താങ്ങാൻ പഞ്ചായത്തിന് കഴിയില്ല. 33 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്യാൻ 1,49,640 രൂപയാണ് പഞ്ചായത്ത് വകകൊള്ളിച്ചിരിക്കുന്നത്.

കോഴഞ്ചേരി പി.ഡബ്യൂ.ഡി റോഡിൽ നിന്ന് കൊങ്ങാമലയിലേക്ക് പോകുന്ന വഴിയാണിത്. വീൽചെയർ ഉരുളാത്ത വി​ധം കല്ലും മണ്ണും നിറഞ്ഞ റോഡാണിത്. ജന്മനാ അരയ്ക്ക് താഴെ ചലനശേഷിയില്ലാത്ത നന്ദനയെ നാ​ര​ങ്ങാ​നം​ ​ച​ന്ദ്ര​ത്ത്പ​ടി​യി​ലെ​ ​കു​ന്നി​ൻ​ ​മു​ക​ളി​ലെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ വീൽചെയറിലി​രുത്തി​ നാല് പേർ എടുത്ത് വേണം താഴെ വാഹനസൗകര്യമുള്ള റോഡിലെത്തി​ക്കാൻ. അവിടെ നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരി​ക്കണം നന്ദന പഠിക്കുന്ന നാരങ്ങാനം ഗവ.ഹൈസ്കൂളി​ലെത്താൻ. മൂന്ന് വർഷം മുമ്പുവരെ ഓട്ടോറിക്ഷ ഡ്രൈവറായ പി​താവ് കുറിയനേത്ത് പടിയിൽ മനോജി​ന്റെ ഒക്കത്തി​രുന്നു കുന്നി​റങ്ങി​ ഓട്ടോറിക്ഷയിൽ സ്കൂളിലെത്തുമായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് മനോജിന് ആൻജിയോപ്ലാസ്റ്റിയും ബൈപ്പാസ് സർജറിയും വേണ്ടി​വന്നതോടെ നന്ദനയ്ക്ക് സ്കൂളിൽ പോകാൻ കഴിയാതെയായി. കഴിഞ്ഞ ഡിസംബർ 3ന് നന്ദനയുടെ നിസാഹയത കേരളകൗമുദി ജനമദ്ധ്യത്തിൽ എത്തിച്ചിരുന്നു. തുടർന്ന് വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. തുടർന്നാണ് പഞ്ചായത്ത് ഫണ്ട് വകയിരുത്തുന്നത്.

പ്രതീക്ഷ വീണാജോർജിൽ

മ​ന്ത്രി​​​ ​വീ​ണാ​ജോ​ർ​ജി​ന്റെ​ ​എം.​എ​ൽ.​എ​ ​ഫ​ണ്ടി​ൽ​ ​നി​ന്ന് ​ര​ണ്ടു​വ​ർ​ഷം​ ​മു​മ്പ് ​വ​ഴി​​​ക്കാ​യി​​​ ​നാ​ല് ​ല​ക്ഷം​ ​രൂ​പ​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​റോ​ഡ് ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​ആ​സ്തി​ ​ര​ജി​​​സ്റ്റ​റി​​​ൽ​ ​ഉ​ൾ​പ്പെ​ടാ​ഞ്ഞ​തി​​​നാ​ൽ​ ​തു​ക​ ​വി​നി​യോ​ഗി​ക്കാ​നാ​യി​​​ല്ല.​ ​എന്നാൽ ഇപ്പോൾ സ്കൂ​ൾ​ ​അ​ധി​കൃ​ത​രും​ ​സ്പെ​ഷ്യ​ൽ​ ​എ​ഡ്യൂ​ക്കേ​റ്റ​റും​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​ ​റോ​ഡ് ​ആ​സ്തി​ ​ര​ജി​​​സ്റ്റ​റി​​​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​തുടർന്നാണ് പഞ്ചായത്ത് പദ്ധതിയൊരുക്കിയത്. അവശേഷിക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിന് എം.​എ​ൽ.​എ​ ​ഫ​ണ്ടി​ൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് നന്ദനയും കുടുംബവും.