വേദക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്ക് നാളെ ആരംഭം കുറിക്കും

Sunday 29 January 2023 12:02 AM IST
വേദക്ഷേത്രത്തിലെ വേദ പ്രതിഷ്ഠാചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത് സംബന്ധിച്ച് കാശ്യപാശ്രമ പ്രതിനിധികൾ സംവദിക്കുന്നു

കോഴിക്കോട് : കോഴിക്കോട് കാശ്യപാശ്രമത്തിൽ നിർമാണം പൂർത്തിയായ ലോകത്തിലെ ആദ്യ വേദക്ഷേത്രത്തിലെ വേദപ്രതിഷ്ഠാചടങ്ങുകൾ 30, 31 തിയതികളിൽ നടക്കും. പ്രമുഖ വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ ജാതി-മത-ലിംഗഭേദ മന്യേ ഏവരെയും വേദങ്ങളും വൈദിക ആചരണങ്ങളും പഠിപ്പിക്കുന്ന കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷനാണ് വേദക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി, ദുബയ് ഹിന്ദുക്ഷേത്രത്തിൽ ചതുർവേദങ്ങളുടെ പ്രതിഷ്ഠാകർമം നിർവഹിച്ച ആചാര്യശ്രീ രാജേഷ് തന്നെയാണ് വേദപ്രതിഷ്ഠയ്ക്കും കാർമികത്വം വഹിക്കുക. കർണാടകയിലെ സുള്ളിയയിൽ നിന്നുള്ള വേദപണ്ഡിതർ മറ്റ് ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്ന് കാശ്യപാശ്രമ പ്രതിനിധികൾ പറ‌ഞ്ഞു. സ്ഥലപുണ്യാഹം, നാന്ദീമുഖപുണ്യാഹം, സ്വസ്തിവാചനം, ധ്വജാരോഹണം, മഹാഗണപതിഹവനം, വേദാരതി, മഹാമൃത്യുഞ്ജയഹോമം, വേദപൂജ, ആയുഷയജ്ഞം, ആചാര്യശ്രീ രാജേഷിന്റെ അനുഗ്രഹഭാഷണം, വിഷ്ണുസഹസ്രനാമജപം, മേധാസൂക്തജപം, ഗായത്രീജപാർച്ചന, പ്രണവാഷ്ടോത്തരശതനാമജപാർച്ചന, വേദപാരായണം, അതിമഹാരുദ്രയജ്ഞം എന്നിവയാണ് 30ന് നടക്കുന്ന ചടങ്ങുകൾ. മഹാഗണപതിഹവനം, വേദപ്രതിഷ്ഠ, വേദാരതി, വേദപൂജ, വേദപാരായണം, ആചാര്യശ്രീ രാജേഷിന്റെ അനുഗ്രഹഭാഷണം, അനുമോദനം, മേധാസൂക്തജപം, ഗായത്രീജപാർച്ചന, സംഗീതനൃത്തസേവകൾ, ധ്വജാവരോഹണം, ശാന്തിമന്ത്രജപം എന്നിവയാണ് 31ന് നടക്കുക. സനാതനധർമത്തിന്റെ അടിസ്ഥാന ഗ്രന്ഥമായി കരുതപ്പെടുന്ന ചതുർവേദങ്ങളെ മാത്രം പ്രതിഷ്ഠിച്ചുകൊണ്ട് വേദങ്ങൾക്ക്
വേണ്ടിയുള്ള ഒരു ക്ഷേത്രം ഇന്ത്യയിലോ ഇന്ത്യക്ക് പുറത്തോ ഇന്നേവരെ നിർമിക്കപ്പെട്ടിട്ടില്ല. പ്രതിഷ്ഠാകർമത്തിന് ശേഷം തുടർന്നുള്ള ദിവസങ്ങളിൽ ഭക്തജനങ്ങൾക്ക് വേദക്ഷേത്രത്തിലെത്താനും ചതുർവേദങ്ങളെ തൊഴുതു നമസ്‌കരിക്കാനും സാധിക്കും. രാവിലെ 6 മുതൽ 8.30 വരെയും ഉച്ചയ്ക്ക് 11.30 മുതൽ 12.30 വരെയും വൈകുന്നേരം
5 മുതൽ 7മണി വരെയുമാണ് ദർശനസമയം. ഈ മൂന്നു നേരങ്ങളിലും വേദപാഠിയായ ക്ഷേത്ര
പുരോഹിതൻ നാല് വേദങ്ങളിലെയും വിശിഷ്ടസൂക്തങ്ങൾ സ്വരസഹിതം പാരായണം ചെയ്യും. രാവിലെയും വൈകിട്ടും അഗ്‌നിഹോത്രയജ്ഞവും നടക്കും. ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് വേദമന്ത്രവും അർഥവും പ്രസാദമായി നൽകും. വേദങ്ങളെയും വേദങ്ങളിലെ അറിവുകളെയും കുറിച്ചുള്ള പ്രദർശിനികളും കൂടുതൽ അറിയാനാഗ്രഹിക്കുന്നവർക്കുള്ള വൈദികഗ്രന്ഥങ്ങളും വേദക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. അറിവിന് പ്രാമുഖ്യം നൽകി മുന്നോട്ടുപോകണം എന്നതാണ് വേദക്ഷേത്രത്തിന്റെ സന്ദേശം. വാർത്താസമ്മേളനത്തിൽ പി.ടി.വിപിൻ ആര്യ, സി.സുരേഷ് വൈദിക്, ഒ.ബാബുരാജ് വൈദിക്, വി.പി.ബാലകൃഷ്ണൻ വൈദിക്, നിർമ്മൽ കുമാർ വൈദിക്, ഇ.അജിത്ത് കുമാർ വൈദിക് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement