ആടിയും അടയാളപ്പെടുത്തിയും കൊഗാൽ ഗോത്ര മഹോത്സവം
കോഴിക്കോട്: ഗോത്ര സംസ്കൃതിയുടെ അടയാളവുമായി തുടിയുടെ താളത്തിൽ പാടിയും പറഞ്ഞും അവർ നൃത്തമാടിയപ്പോൾ ടൗൺഹാളിൽ നിറഞ്ഞത് മണ്ണിന്റെ മണമുള്ള ഭൂതകാലം. കിർത്താട്സിന്റെ സഹകരണത്തോടെ സൂര്യകാന്തി ഫൗണ്ടേഷൻ സംഘടിപ്പിച്ച കൊഗാൽ ഗോത്ര മഹോത്സവമാണ് വേറിട്ടൊരു ആസ്വാദന ലോകം തീർത്തത്. രാവിലെ നടന്ന
പുസ്തക പ്രദർശനം കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് എം.ഫിറോസ്ഖാനും ചരിത്ര പെെതൃക പ്രദർശനം പുരോഗമന കലാ സാഹിത്യസംഘം ജില്ലാ പ്രസിഡന്റ് ഡോ.യു.ഹേമന്ത്കുമാറും ഉദ്ഘാടനം ചെയ്തു. ഗോത്രജീവിതങ്ങളുടെ സമകാലിക പരിസരം എന്ന വിഷയത്തിൽ നടന്ന സെമിനാർ കാലിക്കറ്റ് സർവകലാശാല ഫോക്ലോർ ഡിപ്പാർട്ട്മെന്റ് മുൻ മേധാവി പ്രൊഫ. ഇ.കെ ഗോവിന്ദവർമ രാജ ഉദ്ഘാടനം ചെയ്തു.
തുടിത്താളം ഗോത്രകലാ സംഘം വയനാട് അവതരിപ്പിച്ച വട്ടക്കളി, ചീനം, തുടി, കമ്പളനാട്ടി, തുടിമേളം എന്നിവയും അട്ടപ്പാടി ഇരുള കലാസംഘം അവതരിപ്പിച്ച ‘നമുക്ക് നാമെ’- കൃഷിയും മനുഷ്യനും പാട്ട്, നമ്മുത് നാതം ഇരുള നൃത്തം എന്നിവയും അരങ്ങേറി. ഉച്ചയ്ക്ക് രണ്ടുമണി മുതൽ ആരംഭിച്ച കൊഗാൽ ട്രൈബൽ ഫെസ്റ്റിവൽ ഇപ്റ്റ ദേശീയ വെെസ് പ്രസിഡന്റ് ടി.വി.ബാലൻ ഉദ്ഘാടനം ചെയ്തു. സൂര്യകാന്തി ഫൗണ്ടേഷൻ ചെയർമാൻ ജിത്തു ധർമ്മരാജ് അദ്ധ്യക്ഷത വഹിച്ചു. ചോലനായ്ക്കർ അടക്കമുള്ള ആദിവാസി ഊരുകളിൽ ഉപയോഗിക്കുന്ന നിത്യേപയോഗ വസ്തുക്കളായ അമ്പ് വില്ല്, കത്താരി, കുന്താലി, കൊത്തു, അരുവാകത്തി, ചൂരക്കക്കുടുക്ക, അളവ് പാത്രം, ഗുലുമ, കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്ന മാൻതട്ട, വല്ലം എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു.