ആവണിപാറയിൽ നാമ്പിട്ട് റാഡിഷും ബീറ്റ്റൂട്ടും

Sunday 29 January 2023 12:44 AM IST
ആവണിപാറയിൽ പാകിയ റാഡിഷ് വിത്ത് കിളിർത്തപ്പോൾ

പത്തനംതിട്ട : ആവണിപാറയിൽ റാഡിഷും ബീറ്റ്റൂട്ടും നാമ്പിട്ടു. കഴിഞ്ഞ ഡിസംബർ 27നാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആവണിപ്പാറ ആദിവാസി കോളനിയിൽ റാഡിഷ് , ബീറ്റ്റൂട്ട് എന്നിവയുടെ വിത്ത് പാകിയത്. കിളിർത്ത തൈകൾ പത്ത് സെ.മീ അകലത്തിൽ മാറ്റി നടുകയാണ് അടുത്ത ഘട്ടം. ശേഷം മൂന്നുമാസത്തിനകം വിളവെടുപ്പ് നടത്താൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മലമ്പണ്ടാര വിഭാഗത്തിലെ ഇരുപതു പേരടങ്ങിയ സംഘമാണ് കൃഷി ചെയ്യുന്നത്. കുടുംബശ്രീ പട്ടികവർഗ വികസന പദ്ധതിയുടെ ഭാഗമായി അൻപത് സെന്റ് ഭൂമിയിൽ 33,000 രൂപ ചെലവിട്ടാണ് കൃഷിക്ക് തുടക്കമിട്ടത്. ആവണിപ്പാറയിൽ കൂടുതലും കിഴങ്ങുവിള കൃഷിയാണ്. ആദിവാസി വിഭാഗങ്ങൾക്ക് കൂടുതൽ വരുമാനം ലഭിക്കാനും വിപണി കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നാണ് ട്രൈബൽ വകുപ്പ് ജില്ലാ പ്രോഗ്രാം മാനേജർ ടി.കെ.ഷാജഹാൻ പറയുന്നത്. കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ റിഷി സുരേഷിന്റേതാണ് ശീതകാല കൃഷി എന്ന ആശയം.