ലൈഫ് മിഷൻ കോഴ: എം. ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്യും

Sunday 29 January 2023 12:00 AM IST

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ചൊവ്വാഴ്ച (31) ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും വിരമിക്കൽ ദിനമായതിനാൽ അസൗകര്യമുണ്ടെന്ന് അദ്ദേഹം ഇ.ഡിയെ അറിയിച്ചു.

ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് പണിയുന്നതിന് കരാർ ലഭിക്കാൻ 4.48 കോടി രൂപ കോഴ നൽകിയതായി കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഇ.ഡിക്ക് മൊഴി നൽകിയിരുന്നു. ഇത് കള്ളപ്പണമാണെന്ന് വിലയിരുത്തിയാണ് ഇ.ഡി കേസെടുത്തത്. ആറു കോടി രൂപ കോഴയായി നൽകിയെന്ന് യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്‌ന സുരേഷും വെളിപ്പെടുത്തിയിട്ടുണ്ട്. യൂണിടാക്കിന് കരാർ നൽകാൻ ശിവശങ്കർ ഇടപെട്ടെന്നും സ്വപ്ന ആരോപിച്ചിരുന്നു.