എൻ.ടി.സിയുടെ അവഗണന: പാർവതിമിൽ ജീവനക്കാർ ദുരിതത്തിൽ

Sunday 29 January 2023 12:07 AM IST

കൊല്ലം: നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷന്റെ കീഴിലുള്ള കൊല്ലം പാർവതി മിൽസിലെ ജീവനക്കാർക്ക് കഴിഞ്ഞ 4 മാസമായി ശമ്പളം തരാൻ തയ്യാറാകാത്ത എൻ.ടി.സിയുടെ നിരുത്തരവാദിത്വപരമായ നിലപാടിനെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ സംയുക്ത ട്രേഡ് യൂണിയനുകളുടെ യോഗം തീരുമാനിച്ചു.1996ലെ വർക്ക് ലോഡ് തീരുമാനപ്രകാരമുള്ള ശമ്പളമാണ് ഐഡിയൽ വേജസായി തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ 2020-21, 2021-22 എന്നീ വർഷങ്ങളിലെ ബോണസും ഇപ്പോൾ മൂന്ന് മാസത്തിൽ ഒരിക്കൽ ഒരു മാസത്തെ ശബളം ലഭിച്ചുകൊണ്ടിരുന്നതും ഫണ്ടില്ലാ എന്ന കാരണം പറഞ്ഞ് നിർത്തലാക്കിയിരിക്കുകയാണ്. അതിനാൽ പി.എഫ്, ഇ.എസ്.ഐ, എൽ.ഐ.സി എന്നിവിടങ്ങളിലേക്ക് അടക്കേണ്ട വിഹിതം അടയ്ക്കാൻ പോലും തൊഴിലാളികൾക്കാകുന്നില്ല. ഇ.എസ്.ഐ യിൽ നിന്നും ലഭിക്കുന്ന മെഡിക്കൽ ആനുകൂല്യം കൂടി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് 41 ഓളം വരുന്ന തൊഴിലാളികളെന്ന് യോഗം വിലയിരുത്തി. യോഗത്തിന് എൻ.ബിജുരാജ്(യു.ടി.യു.സി), ജി.ബിന്ദു (ഐ.എൻ.ടി.യു.സി), പി.കെ.രാജു (സി.ഐ.ടി.യു), ടി.എസ്.രാജീവ് (എ.ഐ.ടി.യു.സി),ടി.ദിലീപ് കുമാർ.(ഇ.എം.ഇ) എന്നിവർ നേതൃത്വം നൽകി.