വിടപറഞ്ഞത് പൊതുരംഗത്തെ സ്നേഹസ്പർശം

Sunday 29 January 2023 12:26 AM IST

പൊന്നാനി: രാഷ്ട്രീയത്തെ ചേർത്തു പിടിക്കലിന്റെ നിറപുഞ്ചിരിയായി കൊണ്ടു നടന്ന ജനസേവകനെയാണ് വി.പി. ഹുസൈൻ കോയ തങ്ങളുടെ നിര്യാണത്തോടെ പൊന്നാനിക്ക് നഷ്ടമായത്. ഒരു വട്ടം പൊന്നാനി നഗരസഭയുടെ ചെയർമാനായ ഇദ്ദേഹം നിരവധി വികസനപദ്ധതികൾക്ക് നേതൃത്വം നൽകി.

വിദ്യാർത്ഥി രാഷ്ട്രീയകാലം മുതൽ പൊതുരംഗത്ത് സജീവമായ അദ്ദേഹം എന്നും ആളുകൾക്കിടയിലായിരുന്നു. ആരുടെയെങ്കിലും ബൈക്കിന് പിറകിലായിരിക്കും ഏറെയും. ഏതോ ആളുകളുടെ പ്രശ്നം തീർക്കാനുള്ള ഓട്ടമായിരുന്നു അത്.

മുസ്ലിംലീഗ് രാഷ്ട്രീയത്തെ കൂടെ കൊണ്ടു നടക്കുമ്പോഴും എല്ലാവരുടേയും ആളായിരുന്നു. രാഷ്ട്രീയത്തിലെ തൊട്ടുകൂടായ്മയിൽ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. നേതാക്കളുമായി ഹൃദ്യമായ ബന്ധം കാത്തു സൂക്ഷിച്ചു. താഴെക്കിടയിലുള്ളവർക്ക് നേതാക്കളിലേക്കെത്താൻ പാലമായി നിന്നു.

എം.എസ്.എഫിലൂടെ ബാല ലീഗ് ടൗൺ സെക്രട്ടറിയായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. പിന്നീട് താലൂക്ക് സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ജില്ല രൂപവത്കരിച്ചപ്പോൾ എം.എസ്.എഫിന്റെ പ്രഥമ ജില്ലാ സെക്രട്ടറിയായി. പിന്നീട് സംസ്ഥാന പ്രവർത്തക സമിതിയംഗമായി.

പിന്നീട് ട്രേഡ് യൂണിയൻ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. എസ്.ടി.യുവിന്റെ പൊന്നാനി താലൂക്ക് സെക്രട്ടറി, ജില്ലാ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മത്സ്യ തൊഴിലാളി യൂണിയന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. മുസ്ലിം ലീഗിന്റെ മണ്ഡലം സെക്രട്ടറി, ദേശീയ നിർവാഹക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

1988ൽ നഗരസഭ കൗൺസിലറായി. 1991ൽ പൊന്നാനി നഗരസഭാ ചെയർമാനായി. കേരളത്തിനു തന്നെ മാതൃകയായ പേവിഷ ബാധക്കെതിരെയുള്ള ഓപ്പറേഷൻ സീറോ റാബീസ് യജ്ഞം അതിലൊന്നായിരുന്നു. പൊന്നാനിയെ പ്രകാശ പൂരിതമാക്കി 100 സോഡിയം പേപ്പർ ലാമ്പുകൾ തെളിഞ്ഞതും തങ്ങളുടെ കാലത്താണ്.

Advertisement
Advertisement