കരിപ്പൂരിൽ മൂന്ന് കോടിയുടെ സ്വർണ്ണവുമായി അഞ്ച് പേർ പിടിയിൽ

Sunday 29 January 2023 12:28 AM IST
സൽമാനുൽ ഫാരിസ്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ച് യാത്രക്കാരിൽ നിന്നായി മൂന്ന് കോടി രൂപ വിലമതിക്കുന്ന 5.719 കിലോഗ്രാം സ്വർണ്ണമിശ്രിതം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. വെള്ളിയാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി കരിപ്പൂരിൽ വന്നിറങ്ങിയ മലപ്പുറം, കോഴിക്കോട് സ്വദേശികളിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. വെള്ളിയാഴ്ച രാത്രി ദുബായിൽ നിന്നെത്തിയ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ കലംതോടൻ സൽമാനുൽ ഫാരിസിൽ (21) നിന്ന് 959 ഗ്രാം സ്വർണമിശ്രിതവും ഇന്നലെ അതിരാവിലെ ജിദ്ദയിൽ നിന്നും ബഹ്‌റൈൻ വഴിയെത്തിയ മലപ്പുറം സ്വദേശികളായ മൂന്ന് യാത്രക്കാരിൽ നിന്നായി 3.505 കിലോഗ്രാം സ്വർണ്ണമിശ്രിതവും പിടികൂടി. വള്ളുവമ്പ്രം സ്വദേശിയായ തയ്യിൽതൊടി നൗഷാദിൽ (37) നിന്ന് 1,167 ഗ്രാമും ആമയൂർ സ്വദേശിയായ കൊട്ടകോടൻ ജംഷീർമോനിൽ (36) നിന്ന് 1,168 ഗ്രാമും പന്തല്ലൂർ സ്വദേശിയായ കുവപ്പിലം മുഹമ്മദ് അസ്‌ലമിൽ (34) നിന്ന് 1,170 ഗ്രാം സ്വർണ്ണമിശ്രിതവുമാണ് പിടിച്ചെടുത്തത്. ശനിയാഴ്ച രാവിലെ ദുബായിൽ നിന്നെത്തിയ കോഴിക്കോട് അത്തോളി സ്വദേശിയായ ഐനിപ്പുറത്ത് ഷറഫുദ്ദീനിൽ (28) നിന്ന് 1,255 ഗ്രാം സ്വർണ്ണമിശ്രിതവും പിടികൂടി. പിടികൂടിയ അഞ്ച് യാത്രക്കാരും സ്വർണ്ണമിശ്രിതം അടങ്ങിയ നാല് ക്യാപ്സ്യൂളുകൾ വീതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചാണ് കള്ളക്കടത്തിന് ശ്രമിച്ചത്. ഈ യാത്രക്കാർക്ക് ടിക്കറ്റടക്കം ഏകദേശം ഒരുലക്ഷം രൂപ വീതമാണ് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നത്. പിടികൂടിയ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്ത ശേഷം ഈ കേസുകളിൽ യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കും. അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ.മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, എം.മനോജ്, സി.അഭിലാഷ്, വീണ ധർമ്മരാജ്, പി.മുരളി, ഗുർജന്ദ് സിംഗ്, ഇൻസ്‌പെക്ടർമാരായ അർജുൻ കൃഷ്ണ, വി.കെ. ശിവകുമാർ, ദുഷ്യന്ത് കുമാർ, അക്ഷയ് സിംഗ്, ആർ.എസ്.സുധ എന്നിവർ ചേർന്നാണ് സ്വർണ്ണ കള്ളക്കടത്ത് പിടികൂടിയത്.