സബാഷ് സബലെങ്ക

Sunday 29 January 2023 3:15 AM IST

ഓസ്ട്രേലിയൻ ഓപ്പൺ: വനിതാ സിംഗിൾസിൽ അരീന സബലെങ്ക ചാമ്പ്യൻ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടത്തിൽ ബെലറൂസ് താരം അരീന സബലെങ്ക മുത്തമിട്ടു. ഇന്നലെ നടന്ന വാശിയേറിയ ഫൈനലിൽ കസഖ്സ്ഥാന്റെ എലേന റിബാക്കിനയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ വീഴ്ത്തിയാണ് സബലെങ്ക കരിയറിലെ ആദ്യ ഗ്രാൻസ്ലാം സിംഗിൾസ് കിരീടം സ്വന്തമാക്കിയത്. നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ റിബാക്കിനയ്ക്കെതിരെ ആദ്യ സെറ്റ് നഷ്ടമാക്കിയ ശേഷമാണ് പൊരുതിക്കയറി അടുത്ത രണ്ട് സെറ്റും സ്വന്തമാക്കി സബലെങ്ക ചരിത്രമെഴുതിയത്. സ്കോർ : 4-6,​ 6-3,​6-4.

സബലെങ്ക അഞ്ചാം സീഡും റിബാക്കിന 22-ാം സീഡുമായിരുന്നു. വർത്തമാനകാല വനിതാ ടെന്നിസിലെ പവർ ഹിറ്രർമാർ ഏറ്റുമുട്ടിയ ഫൈനൽ പോരാട്ടം രണ്ടരമണിക്കൂർ നീണ്ടു.

ചരിത്ര നേട്ടം

റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിലെയും ബെലറൂസിലെയും താരങ്ങൾക്ക് ഓസ്ട്രേലിയൻ ഓപ്പണിൽ തങ്ങളുടെ രാജ്യത്തിന്റെ പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ ആനുവാദമില്ലായിരുന്നു.ഈ രാജ്യങ്ങളിലെ താരങ്ങളുടെ പേരിനൊപ്പം വെള്ളപതാകയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ സ്വന്തം രാജ്യത്തിന്റെ കീഴിലല്ലാതെ മത്സരിച്ച് ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ താരമാണ് അരീന സബലെങ്ക.

11- ഈ വർഷം അരീന സബലെങ്ക നേടുന്ന തുടർച്ചയായ പതിനാന്നാം വിജയമായിരുന്നു ഇന്നലത്തേത്.

2021-ൽ ബൽജിയൻ താരം എലിസെ മെർട്ടൻസിനൊപ്പം ഓസ്ട്രേലിയൻ ഓപ്പണിൽ വനിതാ ഡബിൾസ് കിരീടം സബലെങ്ക സ്വന്തമാക്കിയിരുന്നു.

വനിതാ സിംഗിൾസിൽ സബലെങ്കയുടെ ആദ്യ ഗ്രാൻസ്ലാം ഫൈനലായിരുന്നു ഇന്നലത്തേത്.