പാലക്കാട്  കോഴിക്കൂട്ടിൽ കയറി കുടുങ്ങിയ  പുലി ചത്തനിലയിൽ 

Sunday 29 January 2023 7:27 AM IST

പാലക്കാട് : നാട്ടിലിറങ്ങി കോഴിയെ പിടിക്കാനെത്തി കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. മണ്ണാർക്കാട് മേക്കളപ്പാറയിൽ ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി ഇന്ന് പുലർച്ചെ ഒരു മണിയോടെ കയറിയത്. കോഴിയെ ഭക്ഷിക്കാൻ എത്തിയ പുലി കൂട്ടിലെ വലയിൽ കുടുങ്ങുകയായിരുന്നു.

അക്രമാസക്തനായ പുലിയെ മയക്കുവെടി വച്ച് പിടികൂടാനാണ് വനം വകുപ്പ് ആദ്യം തീരുമാനിച്ചത്. ഇതിനായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ട് നിന്നും മണ്ണാർക്കാട്ടേക്ക് തിരിച്ചിരുന്നു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുടുങ്ങി കിടക്കുന്ന പുലി ചത്തുവെന്ന് സ്ഥിരീകരിച്ചത്. ഏറെ നേരം അനക്കമില്ലാതെ കിടന്നതിനെ തുടർന്നാണ് പരിശോധന നടത്തിയത്.

ചത്ത പുലിയെ കൂട്ടിൽ നിന്നും പുറത്ത് എടുത്തിട്ടുണ്ട്. ഉടൻ മണ്ണാർക്കാട് വനം വകുപ്പിന്റെ ഡിവിഷൻ ഓഫീസിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തും. ഹൃദയാഘാതം മൂലമാണോ, പരിക്ക് കാരണമാണോ പുലി ചത്തതെന്ന് പോസ്റ്റുമോർട്ടത്തിലൂടെ മാത്രമേ അറിയാനാവൂ. വലയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ മുഖത്തിനും കൈകൾക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ മരണകാരണമാകാനുള്ള പരിക്കുകൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കൂട്ടിൽ ബഹളം കേട്ട് രാത്രിയിൽ പുറത്തിറങ്ങിയ ഗൃഹനാഥൻ ഫിലിപ്പ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോഴിക്കൂട്ടിൽ അനക്കം കേട്ട് എത്തിയപ്പോഴാണ് പുലിയെ കണ്ടത്. പുലി ഫിലിപ്പിനു നേരെ ചാടി എത്തിയെങ്കിലും പെട്ടെന്ന് വീട്ടിൽ കയറി വാതിലടയ്ക്കുകയായിരുന്നു. ഈ പ്രദേശത്ത് നിന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്ന് പുലികളെ വനം വകുപ്പ് പിടികൂടിയിരുന്നു. വന്യമൃഗങ്ങൾ സ്ഥിരമായി കാടിറങ്ങി വരുന്നതിനാൽ ഇവിടെ ജനജീവിതം ദുസ്സഹമാണ്.

Advertisement
Advertisement