മോഹൻലാലിനെക്കാളും ഹണി റോസിനേക്കാളും ഉദ്ഘാടനങ്ങൾ ചെയ്തിട്ടുണ്ട്; 'ഉദ്ഘാടനങ്ങളുടെ ഉണ്ണി'യായതിന്റെ കഥ പറഞ്ഞ് നടി
മമ്മൂട്ടിയെയും മോഹൻലാലിനെയും ഹണിറോസിനെയുംക്കാൾ കൂടുതൽ ഉദ്‌ഘാടനങ്ങൾ ചെയ്തിട്ടുള്ളയാളാണ് താനെന്ന് മലയാളത്തിലെ പ്രിയനടി ഊർമിള ഉണ്ണി. മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഒക്കെ മറ്റ് പണിയുണ്ടെന്നും തനിക്ക് മറ്റ് പണിയില്ലാത്തതിനാൽ ഈ വഴിയ്ക്ക് നീങ്ങിയെന്നും നടി തമാശരൂപേണ പറഞ്ഞു. ഏകദേശം അയ്യായിരത്തോളം ഉദ്‌ഘാടനങ്ങളാണ് ഇതുവരെ ചെയ്തത്.
വലംപിരി ശംഖിന്റെ പരസ്യവുമായി ബന്ധപ്പെട്ട ട്രോളുകളെക്കുറിച്ചും ഊർമിള ഉണ്ണി പ്രതികരിച്ചു. സച്ചിൻ ബൂസ്റ്റ് കുടിച്ചിട്ടാണോ ക്രിക്കറ്റിൽ ഇത്രയും വലിയ ആളായത്. താനൊരു പാവം ഊർമിള ഉണ്ണി വലംപിരി ശംഖ് നല്ലതാണെന്ന് പറഞ്ഞപ്പോൾ എല്ലാവരും കൂടി തന്റെ തലയിലേയ്ക്ക് കയറി. തന്റെ വീട്ടിലും വലംപിരി ശംഖുണ്ട്. അതുവച്ചാൽ ഐശ്വര്യം ലഭിക്കുമെന്ന് അമ്മയും അമ്മൂമ്മയും ഒക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. നമ്മൾ അത് വച്ച് പൂജിക്കുന്നവരാണ്. പരസ്യം വന്നപ്പോൾ ചെയ്തു. അത് കുഴപ്പമായെന്ന് അറിയില്ലായിരുന്നെന്നും നടി പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഊർമിള ഉണ്ണി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.