കടകൾ നൂറും കടന്ന് കേരള ചിക്കൻ
കൊച്ചി: വിലക്കുറവിൽ ഗുണമേന്മയുള്ള കുടുംബശ്രീയുടെ കേരള ചിക്കന് ഡിമാൻഡ് കൂടുന്നു. വിവിധ ജില്ലകളിലായി 103 ഔട്ട്‌ലെറ്റുകൾ തുറന്നു. എറണാകുളം എടത്തലയിലും തിരുവനന്തപുരം മണമ്പൂരിലുമാണ് പുതിയവ. ഉടൻ തന്നെ കോഴിക്കോട് പേരാമ്പ്രയിലും ഫെബ്രുവരി നാലിന് മലപ്പുറത്തും ഏപ്രിലിൽ ആലപ്പുഴയിലും പുതിയവ ആരംഭിക്കും. ഇതോടെ 106 ഔട്ട്ലെറ്റുകളാകും. ചിക്കന്റെ ഉത്പാദനവും വിപണന ശൃംഖലയും ശക്തിപ്പെടുത്തി ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ ചിക്കന്റെ പകുതിയെങ്കിലും ഇവിടെ ഉത്പാദിപ്പിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പദ്ധതി നടപ്പാക്കി വരുന്നുണ്ട്. കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ്, കേരള സ്‌റ്റേറ്റ് പൗൾട്രി ഡവലപ്‌മെന്റ് കോർപറേഷൻ (കെപ്‌കോ) എന്നിവരുടെ സഹകരണത്തോടെ 2017 നവംബറിലാണ് പദ്ധതി ആരംഭിച്ചത്. 303 ബ്രോയ്‌ലർ ഫാമുകളും തുടങ്ങി.
ദിവസം വിൽക്കുന്നത്
24000 കിലോ ചിക്കൻ
പ്രതിദിനം ശരാശരി 24,000 കിലോ കേരളചിക്കൻ വിൽക്കുന്നുണ്ട്. കൊവിഡ് കാലയളവിൽ കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്കും ചില്ലറ വില്പനശാല നടത്തിപ്പുകാർക്കും 6 കോടി രൂപയുടെ വരുമാനമുണ്ടായി. ഫാം ഇന്റഗ്രേഷൻ മുഖേന ഇതുവരെ ഇറച്ചികോഴി കർഷകർക്ക് 14.27 കോടി രൂപയും വില്പനശാല നടത്തിപ്പുകാർക്ക് 17.41 കോടി രൂപയും വരുമാനം ലഭിച്ചിട്ടുണ്ട്. 400 കുടുംബങ്ങൾക്ക് സ്ഥിര വരുമാനവും ലഭ്യമായി. വില്പനശാല നടത്തിപ്പുകാർക്ക് ശരാശരി 87,000 രൂപ മാസവരുമാനമുണ്ട്.
കേരള ചിക്കൻ പദ്ധതി നടപ്പിലാക്കുന്ന കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ആകെ വിറ്റ് വരവ് ഇതുവരെ 149 കോടി രൂപയാണ്. ഉപഭോക്താവിന് ഏത് ഫാമിൽ ഉത്പാദിപ്പിച്ച കോഴിയാണതെന്ന് മനസിലാക്കുവാൻ കഴിയുന്ന മാർക്കറ്റിംഗ് ശൃംഖലയാണ് കുടുംബശ്രീകേരള ചിക്കന്റേത്.
ഫാമുകളുടെ എണ്ണം
തിരുവനന്തപുരം- 48
കൊല്ലം- 49
കോട്ടയം- 50
എറണാകുളം- 55
തൃശൂർ- 47
കോഴിക്കോട്- 41
പാലക്കാട്- 13
ഔട്ട്‌ലെറ്റുകളുടെ എണ്ണം
തിരുവനന്തപുരം- 15
കൊല്ലം- 16
കോട്ടയം- 21
എറണാകുളം- 25
തൃശൂർ- 16
കോഴിക്കോട്- 10