ഇലന്തൂർ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ രണ്ടാം വാർഷികാഘോഷം

Monday 30 January 2023 12:20 AM IST
ഇലന്തൂർ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ രണ്ടാം വാർഷികാഘോഷവും കാൻസർ അവബോധ ക്ലാസും ആശുപത്രി അങ്കണത്തിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട : കേരളത്തിലെ സഹകരണ ആശുപത്രികൾ ആരോഗ്യമേഖലയിൽ നൽകുന്ന സേവനം മികച്ചതും മാതൃകാപരവുമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇലന്തൂർ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ രണ്ടാം വാർഷികാഘോഷവും കാൻസർ അവബോധ ക്ലാസും ആശുപത്രി അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആധുനിക ചികിത്സാസങ്കേതങ്ങൾ ജനങ്ങൾക്ക് അനുഭവവേദ്യമാക്കുക മാത്രമല്ല ഏറ്റവും മിതമായ നിരക്കിലും സൗജന്യമായും ചികിത്സാ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് സഹകരണ ആശുപത്രികൾ നടത്തുന്ന പരിശ്രമം മാതൃകാപരമാണ്. ഏവർക്കും ആരോഗ്യ പരിരക്ഷ നൽകുക എന്നതാണ് സർക്കാർ നയം. പണമില്ലാത്തതിന്റെ പേരിൽ ഒരാൾക്കും ചികിത്സനിഷേധിക്കപ്പെടുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാവുകയില്ല. അതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കോഴഞ്ചേരി ജില്ലാ കാൻസർ സെന്റർ ഡയറക്ടർ ഡോ.കെ.ജി.ശശിധരൻ പിള്ള കാൻസർ അവബോധ ക്ലാസ് നയിച്ചു. ഇ.എം.എസ് ആശുപത്രി ചെയർമാൻ പ്രൊഫ.ടി.കെ.ജി നായർ അദ്ധ്യക്ഷനായിരുന്നു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ആശുപത്രി വൈസ് ചെയർമാൻ പി.കെ.ദേവാനന്ദൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, വാർഡ് അംഗം പി.എം.ജോൺസൺ, സ്വാഗതസംഘം ചെയർമാൻ ടി.വി.സ്റ്റാലിൻ, അസിസ്റ്റന്റ് രജിസ്ട്രാർ ഡി.ശ്യാംകുമാർ, ആശുപത്രി സീനിയർ ഫിസിഷ്യൻ കൺസൾട്ടന്റ് ഡോ.ഗംഗാധരൻ പിള്ള, ബോർഡ് അംഗം കെ.പി.ഉദയഭാനു, ഡയറക്ടർ ബോർഡ് അംഗങ്ങളായ രാജു എബ്രഹാം, കെ.സി.രാജഗോപാൽ, സ്വാഗത സംഘം കൺവീനർ പി.ആർ.പ്രദീപ്, കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഏരിയ സെക്രട്ടറി പി.സി.രാജീവ്, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ പി.കെ.ഗീത, ആശുപത്രി സെക്രട്ടറി അലൻ മാത്യു തോമസ് തുടങ്ങിയവർ പങ്കെടുത്തു.