സ്റ്റുഡന്റസ് ബിനാലെയിൽ നൗറിന്റെ അർബൻ മിത്ത്സ്
കൊച്ചി: സ്റ്റുഡന്റസ് ബിനാലെയിലെ 'അർബൻ മിത്ത്‌സ്' എന്ന കലാവതരണത്തിൽ കൊച്ചിക്കാരി സി.എസ്. നൗറിൻ പ്രമേയമാക്കിയ ജന്മനാടിന്റെ വാമൊഴി പുരാവൃത്തം ശ്രദ്ധേയമായി. പ്രദേശിക ആരാധനാമൂർത്തികളായ കാപ്പിരിമുത്തപ്പൻ, നാമിയ മൂത്ത, കുഞ്ഞി മരക്കാർ എന്നിവരുടെ ചരിത്ര നിഗൂഢ രഹസ്യാത്മക പശ്ചാത്തലങ്ങൾ അന്വേഷിക്കുന്നതായിരുന്നു ഗുജറാത്ത് ഗാന്ധിനഗർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിംഗിലെ മാസ്റ്റർ ഒഫ് ഫോട്ടോഗ്രഫി ഡിസൈനിംഗ് അവസാന വർഷ വിദ്യാർത്ഥിനിയായ നൗറിന്റെ അവതരണം. ഫോട്ടോഗ്രഫുകളും ചാർക്കോൾ അനിമേഷനും ഉൾപ്പെട്ട ബ്രാസ് ബാജാ എന്നൊരു മറ്റൊരു കലാവിഷ്‌കാരവും നൗറിന്റേതായുണ്ടായിരുന്നു. അഹമ്മദാബാദിലെ വിവാഹ സീസണുകളിൽ ബ്രാസ് എന്ന സംഗീതോപകരണം ഉപയോഗിച്ച് ബാൻഡ് വാദ്യം ചെയ്യുന്നവരെക്കുറിച്ചുള്ള അന്വേഷണവും അവതരണവുമാണ് 'ബ്രാസ് ബജാ'.
മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള കർഷകരാണ് അഹമ്മദാബാദിലെ വിവാഹ സീസണായ ഡിസംബർ മുതൽ ഏപ്രിൽ വരെ കാലത്ത് ബ്രാസ് ബാൻഡ് അവതരിപ്പിക്കുന്നത്. ആറുമാസം കർഷകരായും ആറുമാസം ബാൻഡ് വാദ്യക്കാരായുമുള്ള ആ സമൂഹത്തിന്റെ സമാന്തര ജീവിതവും സംഗീതവും ഒരു തനത് സമൂഹത്തെ സൃഷ്ടിക്കുന്നതും ഫോട്ടോഗ്രഫുകളുടെ വേറിട്ട വിന്യാസത്തിലൂടെ നൗറിൻ സ്റ്റുഡന്റസ് ബിനാലെയിൽ അവതരിപ്പിച്ചിരിക്കുന്നു. മട്ടാഞ്ചേരി കെ.വി.എൻ ആർക്കേഡിലാണ് രണ്ട് അവതരണങ്ങളും.