ആർ.ബി.സി: രണ്ടാംഘട്ടത്തിന്റെ സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുന്നു
ചിറ്റൂർ: വലതുകര കനാൽ (ആർ.ബി.സി) നവീകരണത്തിന്റെ ഭാഗമായി വരട്ടയാർ മുതൽ വേലന്താവളം വരെയുള്ള രണ്ടാംഘട്ടത്തിന്റെ സ്ഥലം ഏറെറടുക്കൽ നടപടി പുരോഗമിക്കുന്നു. കിഫ്ബിയിൽ നിന്ന് 262.10 കോടി ഉപയോഗിച്ചുള്ള ഒന്നാംഘട്ട പ്രവർത്തനം അവസാന ഘട്ടത്തിലാണ്. കോരയാർ മുതൽ വരട്ടയാർ വരെ 6.42 കി.മീ ദൂരത്തിലാണ് ഒന്നാംഘട്ടത്തിൽ ദീർഘിപ്പിക്കുന്നത്. ഇതിന് ഭൂമി ഏറ്റെടുക്കാൻ 12 കോടി ചിലവഴിച്ചു.
ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നിർമ്മാണം. 3575 ഹെക്ടർ ഭൂമിയിൽ സുസ്ഥിര ജലസേചനം ലക്ഷ്യമിടുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകൾക്ക് ഏറെ പ്രയോജനപ്പെടും. കാർഷിക മേഖലയിലെ ഉന്നമനത്തോടൊപ്പം ജലക്ഷാമത്തിനും പരിഹാരമാകും.
പദ്ധതിയുടെ പ്രവർത്തന പുരോഗതി മന്ത്രി കെ.കൃഷ്ണൻകുട്ടി വിലയിരുത്തി. ബ്ലോക്ക് പ്രസിഡന്റ് വി മുരുകദാസ്, കെ.ഐ.ഐ.ഡി.സി ജന.മാനേജർ ഡോ.സുധീർ പണിക്കർ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.