വാസ്കോ ഡ ഗാമയുടെ കല്ലറയ്ക്ക് അഞ്ച് നൂറ്റാണ്ട്,​ ഫോർട്ടുകൊച്ചി സെന്റ് ഫ്രാൻസിസ് പള്ളി ചരിത്ര സ്മരണയിൽ

Monday 30 January 2023 12:49 AM IST

കൊച്ചി: യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്കുള്ള കടൽവഴി കണ്ടുപിടിച്ച വാസ്‌കോ ഡ ഗാമയുടെ ഫോർട്ടുകൊച്ചി സെന്റ് ഫ്രാൻസിസ് പള്ളിയിലെ അന്ത്യനിദ്രക്ക് അഞ്ച് നൂറ്റാണ്ട്.

ഇന്ത്യയിലെ ആദ്യ യൂറോപ്യൻ ആരാധനാലയം കൂടിയായ

ഈ പള്ളിക്കുള്ളിൽ 1524ൽ അടക്കം ചെയ്ത ഭൗതികദേഹത്തിന്റെ അവശിഷ്ടങ്ങൾ പതിനാലു വർഷത്തിനുശേഷം കടൽ കടന്നെങ്കിലും കല്ലറ നിത്യസ്മാരകമായി ഇവിടുണ്ട്. ഭൗതികാവശിഷ്ടം അദ്ദേഹത്തിന്റെ അഞ്ചാമത്തെ മകൻ പേഡ്രോ ഡസിൽവ ഗാമ പോർച്ചുഗലിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ലിസ്ബണിലെ ജെറോനിമോസ് മൊണാസ്ട്രിയിലെ കല്ലറയിലാണ് ഇപ്പോൾ ആ ഭൗതികാവശിഷ്ടം.

അതേസമയം, ചരിത്രമൂല്യം ഏറെയുള്ള

കൊച്ചിയിലെ കല്ലറ കാണാൻ വിദേശികൾ അടക്കം ധാരാളംപേർ എത്തുന്നു.

500-ാം വാർഷിക ചടങ്ങുകൾ പുരാവസ്തു വകുപ്പുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പള്ളിയുടെ ചുമതലയുള്ള ഫാ. ഷിനു പറഞ്ഞു. പള്ളിയുടെ പൈതൃക സംരക്ഷണം പുരാവസ്തു വകുപ്പിനാണെങ്കിലും ഭരണം സി.എസ്.ഐ സഭയ്ക്കാണ്. ഞായറാഴ്ചകളിലും വിശേഷദിവസങ്ങളിലും ആരാധനയുണ്ട്.

പോർച്ചുഗീസ് ഇന്ത്യയുടെ ഗവർണറായി നിയമിതനായി ഇന്ത്യയിലേക്കുള്ള മൂന്നാം വരവിലാണ് മലേറിയ ബാധിച്ച് മരിച്ചത്. കൊച്ചിയിലെത്തി മൂന്നു മാസം പിന്നിടുമ്പോഴായിരുന്നു സംഭവം. അന്ന് 55-60 വയസുണ്ടെന്നാണ് നിഗമനം.

ചരിത്ര ദേവാലയം

വാസ്‌കോ ഡ ഗാമയെത്തുടർന്ന് പെഡ്രോ അല്വറെസ്, കബ്രാൾ അൽഫോൻസോ ഡെ ആൽബുക്കർക്ക് എന്നിവരും കേരളത്തിലെത്തി. ഇവർ കൊച്ചി രാജ്യത്ത് രാജാവിന്റെ അനുവാദത്തോടെ കോട്ട പണിതു. ഈ പ്രദേശമാണ് ഫോർട്ട് കൊച്ചിയായത്.

കോട്ടയ്ക്കുള്ളിൽ മരം കൊണ്ടായിരുന്നു ആദ്യപള്ളിയും മറ്റ് കെട്ടിടങ്ങളും നിർമ്മിച്ചത്. ഇവ കല്ലുപയോഗിച്ച് പുനർനിർമ്മിക്കാൻ 1506ൽ കൊച്ചി രാജാവ് അനുമതി നൽകി. 1516ൽ പുതിയ പള്ളി വിശുദ്ധ അന്തോനീസിന് സമർപ്പിച്ചു. മരംകൊണ്ടുള്ള പള്ളി എ.ഡി 1500-1503 കാലഘട്ടത്തിൽ നിർമ്മിച്ചെന്നാണ് അനുമാനം.

Advertisement
Advertisement