ബി.ബി.സിക്കും കോൺഗ്രസിനുമെതിരെ വീണ്ടും അനിൽ ആന്റണി
ന്യൂഡൽഹി: ഇന്ത്യയുടെ തെറ്റായ ഭൂപടം വാർത്തകളിൽ ഉപയോഗിച്ച ബി.ബി.സി, നിലവിലെ കോൺഗ്രസ് നേതൃത്വത്തിന് യോജിച്ച പങ്കാളിയാണെന്ന് മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ വിമർശനം.
കോൺഗ്രസ് നിലപാടിന് വിരുദ്ധമായി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയെ എതിർത്തതിന് ഔദ്യോഗിക പദവികൾ രാജി വച്ച അനിൽ ഇടവേളയ്‌ക്ക് ശേഷം ട്വിറ്ററിൽ ഇട്ട പോസ്റ്റിൽ തന്നെ വിമർശിച്ച നേതാക്കളായ ജയ്‌റാം രമേശിനെയും സുപ്രീയാ ശ്രീനതയെയും ടാഗു ചെയ്‌തിട്ടുമുണ്ട്.
''ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യും വിധം കാശ്മീർ ഇല്ലാതെ ഭൂപടം ആവർത്തിച്ച് പ്രസിദ്ധീകരിച്ചതു പോലുള്ള പിഴവുകൾ ബി.ബി.സിയുടെ മുൻ തട്ടിപ്പുകളിൽപ്പെടുന്നു. തീർച്ചയായും 'നിക്ഷിപ്‌ത' താത്‌പര്യമില്ലാത്ത സ്വതന്ത്ര മാദ്ധ്യമമാണത്. നിലവിലെ കോൺഗ്രസ് നേതൃത്വത്തിനും പങ്കാളികൾക്കും യോജിച്ച സഖ്യകക്ഷി'' അനിൽ ആന്റണ പറഞ്ഞു. കാശ്‌മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം ഉപയോഗിച്ച വാർത്തകളും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.