സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിന് രാജ്യത്ത് വെല്ലുവിളി: സിദ്ധാർത്ഥ്

Monday 30 January 2023 12:00 AM IST

തിരുവനന്തപുരം: ഭരണത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ നിലപാടുകൾ രാജ്യത്ത് സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുവെന്ന് ദി വയർ മാഗസീൻ എഡിറ്ററും, മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ സിദ്ധാർത്ഥ് വരദരാജൻ പറഞ്ഞു. മാദ്ധ്യമ ദിനാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഹോട്ടൽ വിവാന്തയിൽ സംഘടിപ്പിച്ച '21ാം നൂറ്റാണ്ടിൽ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ' എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ വിവിധ വകുപ്പുകളുണ്ട്. അത് മാദ്ധ്യമങ്ങളുടെ പണിയല്ല. എന്നാൽ, പല മാദ്ധ്യമങ്ങളും സർക്കാരിന്റെ വക്താക്കളായി മാറുന്നു. ഇന്ത്യയിൽ . മാദ്ധ്യമ പ്രവർത്തനം സെൻഷർഷിപ്പിന്റെ വക്കിലാണ്. കാശ്മീർ ഫയൽസ് എന്ന സിനിമയ്ക്ക് നികുതിയിളവ് നൽകുന്ന രാജ്യത്താണ് ബി.ബി.സി തയാറാക്കിയ ഡോക്യുമെന്ററിക്ക് നിരോധന സമാനമായ വെല്ലുവിളി നേരിടേണ്ടി വന്നത്.ഡോക്യുമെന്ററി ലിങ്ക് യുട്യൂബിൽ നിന്നടക്കം നീക്കണമെന്ന നിർദ്ദേശവും, അത് നടപ്പിലാക്കിയോയെന്ന പരിശോധനയും നിരോധനത്തിന് തുല്യമാണ്. സ്വകാര്യ റേഡിയോ ചാനലുകൾക്ക് വാർത്ത നൽകാൻ സ്വാതന്ത്യ്രമില്ലാത്ത ഏക രാജ്യമായിരിക്കും ഇന്ത്യ.ഹാത്രാസ് കേസ് റിപ്പോർട്ട് ചെയ്യാനെത്തിയതിന്റെ പേരിലാണ് സിദ്ദിഖ് കാപ്പനെ ജയിലിലടച്ചത്.

ഇന്ത്യയിലെ മാദ്ധ്യമ സ്വാതന്ത്ര്യം

തുറുങ്കിനും തോക്കിനുമിടയിൽ

തുറുങ്കിനും തോക്കിനും മദ്ധ്യേയുള്ള നേരിയ നൂൽപ്പാലത്തിലാണ് ഇന്ത്യയിലെ മാദ്ധ്യമ സ്വാതന്ത്ര്യമെന്ന് മാദ്ധ്യമ ദിനാചരണം ഉദ്ഘാടനം ചെയ്ത മന്ത്രി എം.ബി രാജേഷ് പറഞ്ഞു. .

ദേശീയ പ്രശ്നങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയാണ് കേരളത്തിലെ പല മാദ്ധ്യമങ്ങളും. കാലുമാറ്റവും കുതിരക്കച്ചവടവുമൊക്കെ ഓപ്പറേഷൻ ലോട്ടസും ഓപ്പറേഷൻ മിഡ്നൈറ്റുമൊക്കെയായി മാറുന്നു . രാജ്യത്തെ ഒരു വി​ഭാഗം മാദ്ധ്യമങ്ങൾ അധികാരത്തിന്റെ ആർപ്പുവിളി സംഘമായി മാറുന്നുവെന്നും

അദ്ദേഹം പറഞ്ഞു.

കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, അഡിഷണൽ ഡയറക്ടർ കെ. സന്തോഷ് കുമാർ, കെ.യു.ഡബ്ല്യു.ജെ ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, ട്രഷറർ സുരേഷ് വെള്ളിമംഗലം, ജില്ലാ പ്രസിഡന്റ് സാനു ജോർജ്, സെക്രട്ടറി അനുപമ ജി. നായർ തുടങ്ങിയവർ പങ്കെടുത്തു. 'പത്ര ദൃശ്യ ഓൺലൈൻ മാധ്യമങ്ങൾ നേരിടുന്ന പ്രതിസന്ധികളും അതിജീവന മാർഗങ്ങളും' എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ മാദ്ധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ മോഡറേറ്ററായി.