ആക്രിയല്ല,അടിപൊളി യാത്ര

Monday 30 January 2023 12:00 AM IST

കോട്ടയം: ആക്രിവിലയുള്ള പഴഞ്ചൻ സ്കൂട്ടറുകൾ എന്തുവില കൊടുത്തും വാങ്ങി മിനുക്കിയെടുത്ത് പ്രയോജനപ്പെടുത്തുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ.

ന്യൂജെൻ ബൈക്കുകൾ നിരത്തുവാഴും കാലത്താണ് ഈ 'പാവങ്ങളെ' കോട്ടയം സ്വദേശി ബിലാലും സംഘവും 'കോട്ടയം ക്ളാസിക് സ്‌കൂട്ടേഴ്സ് ക്ളബ്' എന്ന കൂട്ടായ്മയുണ്ടാക്കി ചേർത്തുപിടിച്ചത്. വിന്റേജ് സ്കൂട്ടറുകളോടുള്ള ഇഷ്ടമാണ് ഇതിലേക്ക് നയിച്ചത്. ഇന്നത് സിനിമകൾക്കുൾപ്പെടെ വാടകയ്ക്ക് നൽകി വരുമാന മാർഗവുമായി. ക്ലബിൽ 135 അംഗങ്ങളുണ്ട്. അത്രയും സ്കൂട്ടറും. ഓരോരുത്തരും ഓരോന്ന് വാങ്ങുകയായിരുന്നു.

1974 മോഡൽ ലാംബി, ​88 മോഡൽ വെസ്പ,​ 80കളിലെ ബജാജ് ചേതക്,​ നർമ്മദ,​ ബജാജ് ക്യൂബ, വിജയ് സൂപ്പർ തുടങ്ങിയവ അടക്കമുണ്ട്. ക്ലബ് അംഗങ്ങൾ കോട്ടയം,​ പത്തനംതിട്ട,​ ആലപ്പുഴ,​ എറണാകുളം,​ കണ്ണൂർ ജില്ലക്കാരാണ്. എല്ലാവരും 30 വയസിൽ താഴെയുള്ളവർ. സ്‌കൂട്ടറുകൾക്ക് പ്രായം അതിന് മുകളിൽ. അതുകൊണ്ട് അവയോട് കരുതലും സ്നേഹവും കൂടുതലാണെന്ന് അംഗങ്ങൾ പറയുന്നു.

കൂട്ടായ്മ പിറവി 2016ൽ

2016ലാണ് കൂട്ടായ്മ തുടങ്ങുന്നത്. വിന്റേജ് സ്‌കൂട്ടറിൽ പോകുന്ന ചെറുപ്പക്കാരെ കൈയാട്ടി വിളിച്ചാണ് ബിലാലും സുഹൃത്തുക്കളായ ജഗനും ലോബിനും ക്ളബിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തത്. പിന്നീട് ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ കൂട്ടായ്മ വളർന്നു. കൃത്യമായ ദിവസങ്ങളിൽ ഒത്തുചേരും. ട്രിപ്പുകൾ പ്ളാൻ ചെയ്യും. കന്യാകുമാരിയും വാഗമണ്ണും മൂന്നാറുമുൾപ്പെടെ കറങ്ങി.

വരുമാനം സിനിമകളിലൂടെ

പഴയ സ്കൂട്ടറുകൾ വാങ്ങി നിറം പുതുക്കി പാർട്സുകൾ മാറ്റി മോടിയാക്കും. മുംബയ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് പാർട്സുകളെത്തിക്കുന്നത്. സിനിമകളിൽ പഴയകാല രംഗങ്ങൾ ചിത്രീകരിക്കാനും ന്യൂജെൻ കല്യാണ ഷൂട്ടുകൾക്കും പരസ്യ ചിത്രങ്ങൾക്കും ഓട്ടോ എക്സ്പോ ഷോകൾക്കുമൊക്കെ വാടകയ്ക്ക് നൽകുമ്പോൾ വരുമാനവും ലഭിക്കും.

''സ്കൂട്ടറുകളിൽ മുടക്കിയതിനെക്കാൾ കൂടുതൽ പണം ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. മോഹവില വാഗ്ദാനം ചെയ്ത് വാങ്ങാൻ പലരും വന്നെങ്കിലും കൊടുക്കാൻ മനസ് വരുന്നില്ല.

- ബിലാൽ,

ക്ളബ് അഡ്മിൻ