ക്ഷീണം തീർത്ത് ബ്ലാസ്റ്റേഴ്സ്

Monday 30 January 2023 12:02 AM IST

കൊച്ചി: തുടർതോൽവി തളർത്തുമ്പോൾ, ബ്ലാസ്റ്റേഴ്സിന് എതിരാളിയായി നോർത്ത് ഈസ്റ്റ് എഫ്.സിയെത്തും. പരാജയത്തിന്റെ ക്ഷീണമെല്ലാം മഞ്ഞപ്പട വടക്കുകിഴക്കന്മാരിൽ തീർക്കും. ഇക്കുറിയും അതുതന്നെ സംഭവിച്ചു ! പോയിന്റ് പട്ടികയിൽ അവസാനക്കാരാണെങ്കിലും ജയിക്കാനുറച്ചെത്തിയ നോർത്ത് ഈസ്റ്റിനെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ തകർത്തു. ഹോം ഗ്രൗണ്ടിൽ ടീമിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ മത്സരത്തിൽ ആദ്യപകുതിയുടെ അവസാനമാണ് ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയത്. ഗ്രീസ് താരം ദിമിത്രിയോ ഡയമെന്റക്കോസ് (41, 43) ബ്ലാസ്റ്റേഴ്സിനായി വലകുലുക്കി. ജയത്തോടെ ബ്ലാസ്റ്റേഴ്സ് എ.ടി.കെ മോഹൻ ബാഗാനെ മറികടന്ന് 28 പോയിന്റോടെ പട്ടികയിൽ മൂന്നാം സ്ഥാനമുറപ്പിച്ചു. എവേ മത്സരങ്ങളിൽ മുംബയ്ക്കും ഗോവയ്ക്കും മുന്നിൽ തകർന്നടിഞ്ഞ കൊമ്പന്മാർക്ക് ഈ ജയം ഇരട്ടി ആത്മവിശ്വാസമായി. നോർത്ത് ഈസ്റ്റിനെതിരെ ആദ്യഗോൾ നേടി സീസൺ തുടങ്ങിയ ഡയമന്റകോസ് ആകെ ഗോൾ നേട്ടം ഒമ്പതാക്കി ഉയർത്തി.

പതിവുപോലെ തന്നെ, സ്വന്തം തട്ടകത്തിൽ വീറോടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം. ലക്ഷ്യം കണ്ടില്ലെങ്കിലും നോർത്ത് ഈസ്റ്റിന്റെ പ്രതിരോധക്കോട്ട പിളർത്തി ഡയമെന്റക്കോസ്ന്റെ ആദ്യമിനിട്ടിലെ മുന്നേറ്റം അതിന് തെളിവായി. തുടരെ തുടരെ നോർത്ത് ഈസ്റ്റിന്റെ ഗോൾമുഖത്ത് ബ്ലാസ്റ്റേഴ്‌സിന്റെ കൊള്ളിയാൻ നീക്കങ്ങൾ കണ്ടു. 14ാമിനിട്ടിൽ ഇടതുവിംഗിൽ നിന്ന് മിറാൻഡയുടെ ക്രോസിൽ ജിയാനുവിന്റെ ഫസ്റ്റ് ടച്ച്. പോസ്റ്റിനെ തൊട്ടുരുമി പന്ത് പുറത്തേക്ക്. ഗ്യാലറിയാകെ നിരാശ പരന്നു. പിന്നാലെ വലതുവിംഗിൽ നിന്നുള്ള രാഹുലിന്റെ ക്രോസിലും മുന്നേറ്റക്കാർക്ക് പന്തിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. നോർത്ത് ഈസ്റ്റിന്റെ ഒറ്റപ്പെട്ട നീങ്ങളെല്ലാം മഞ്ഞപ്പടയുടെ പ്രതിരോധക്കോട്ടയിൽ തട്ടിത്തകർന്നു. ഇടവേളയ്ക്ക് പിരിയാൻ നാലു മിനിട്ട് ശേഷിക്കെയാണ് സ്‌റ്റേഡിയത്തെ ഇളക്കിമറിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോൾ പിറന്നു. ബോക്‌സിന്റെ വലതുവിംഗിൽ നിന്ന് മിറാൻഡയുടെ ക്രോസിൽ ഡയമെന്റക്കോസിന്റെ ഹെഡർ. പന്ത് ലക്ഷ്യംതെറ്റാതെ വലയ്ക്കുള്ളിൽ. ആഹ്ലാദം കെട്ടടങ്ങും മുമ്പ് ഡയമെന്റക്കോസ് വക രണ്ടാം ഗോൾ. നോർത്ത് ഈസ്റ്റിന്റെ മദ്ധ്യനിര താരങ്ങൾക്ക് മുകളിലൂടെ അഡ്രിയാൻ ലൂണ ഉയർത്തി നൽകിയ പന്തുമായി മുന്നേറിയ ഗ്രീസ് താരം, അരിന്ദം ഭട്ടാചാര്യയെ കബളിപ്പിച്ച് ലീഡ് രണ്ടാക്കി.

തിരിച്ചടിക്ക് കോപ്പുകൂട്ടിയാണ് വടക്കുകിഴക്കിന്റെ കരുത്തന്മാർ കളത്തിലിറങ്ങിയത്. പക്ഷേ, രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിനെ അവർക്ക് തടയാനായില്ല. പ്രതിരോധത്തിലെ പാളിച്ചകൾ മുതലെടുത്ത് ബ്ലാസ്റ്റേഴ്സ് മുന്നേറ്റ താരങ്ങൾ തുടരെ ആക്രമം അഴിച്ചുവിട്ടു. പക്ഷേ ഗോൾ ഒഴിഞ്ഞുനിന്നു. 61ാമിനിട്ടിൽ ഇവാൻ വുകമനോവിച്ച് ഇരുമാറ്റങ്ങൾ വരുത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന് കാര്യമായ ചലനമുണ്ടാക്കാനായില്ല. ഫ്രഞ്ച് താരം റോമൻ ഫിലിപ്പോട്യൂസിന്റെ ഒറ്റയാൻ മുന്നേറ്റം ബ്ലാറ്റേഴ്സിന്റെ ചങ്കടിപ്പിച്ചു. ഫെബ്രുവരി 3ന് ഈസ്റ്റ് ബംഗാളിനെതിരെ കൊൽക്കത്തയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Advertisement
Advertisement