പത്താമുദയം,​ പത്താം ഓസ്ട്രേലിയൻ ഓപ്പൺ നേടി നൊവാക്ക് ജോക്കോവിച്ച്,​ 22 ഗ്രാൻസ്ളാം കിരീടങ്ങളെന്ന റാഫേൽ നദാലിന്റെ റെക്കാഡിനൊപ്പമെത്തി

Monday 30 January 2023 12:04 AM IST

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സ്റ്റെഫാനോസ് സിസ്റ്റിപ്പാസിനെ നൊവാക്ക് കീഴടക്കിയത് 6-3,7-6(7/4),7-6(7/5) എന്ന സ്കോറിന്

കിരീടവിജയത്തോടെ നൊവാക്ക് ലോക ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തി

മെൽബൺ : പുരുഷ ടെന്നിസിൽ തന്റെ മേൽക്കോയ്മയ്ക്ക് മറ്റൊരു ഗ്രാൻസ്ളാം സാക്ഷ്യവുമായി സെർബിയൻ ഇതിഹാതാസം നൊവാക്ക് ജോക്കോവിച്ച്. ഓസ്ട്രേലിയൻ ഓപ്പൺ സിംഗിൾസ് ഫൈനലിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസ്റ്റിപ്പാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി നൊവാക്ക് ഇന്നലെ 22 ഗ്രാൻസ്ളാം കിരീടങ്ങൾ എന്ന റാഫേൽ നദാലിന്റെ റെക്കാഡിനൊപ്പമെത്തി. അഞ്ചാം റാങ്കുകാരനായി ടൂർണമെന്റിനെത്തിയ നൊവാക്ക് ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനവും തിരിച്ചുപിടിച്ചു.

റോഡ് ലേവർ അരീനയിൽ ഇന്നലെ നടന്ന ഫൈനലിൽ 6-3,7-6(7/4),7-6(7/5) എന്ന സ്കോറിനാണ് നൊവാക്ക് സിസ്റ്റിപ്പാസിനെ മറികടന്നത്. ആദ്യ സെറ്റിൽ നിഷ്പ്രയാസം ഗ്രീക്ക് താരത്തിന്റെ സർവുകൾ ബ്രേക്ക് ചെയ്ത നൊവാക്കിന് രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കാൻ ടൈബ്രേക്കർ വേണ്ടിവന്നു. രണ്ടാം സെറ്റിന് ശേഷം മെഡിക്കൽ ബ്രേക്ക് എടുക്കേണ്ടിവന്ന നൊവാക്ക് തന്റെ പരിചയസമ്പന്നതയുടെ മികവിലാണ് വിജയത്തിലേക്ക് കുതിച്ചത്. കിരീടം നേടിയശേഷം ഗാലറിയിലെ ബോക്സിലിരുന്ന തന്റെ പരിശീലകരുടെയും കുടുംബാംഗങ്ങളുടെയും ഒപ്പം ആഹ്ളാദം പങ്കിടാനെത്തിയ നൊവാക്കിന് ശരീരവേദനമൂലം തിരിച്ചിറങ്ങാൻ വാളണ്ടിയർമാരുടെ സഹായം വേണ്ടിവന്നു.

2 മണിക്കൂർ 56 മിനിട്ട് നീണ്ട പോരാട്ടത്തിലാണ് നൊവാക്ക് ഇന്നലെ വിജയം കണ്ടത്.ആദ്യ സെറ്റിൽ നൊവാക്കിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതിരുന്ന സിസ്റ്റിപ്പാസ് രണ്ടാം സെറ്റിൽ തിരിച്ചടിച്ചു. നൊവാക്കിന്റെ സർവ് ബ്രേക്ക് ചെയ്ത് മുന്നേറിയ സിസ്റ്റിപ്പാസ് കളി ടൈബ്രേക്കറിലേക്ക് എത്തിച്ചു. ടൈബ്രേക്കറിൽ പക്ഷേ പിടിച്ചുനിൽക്കാനായില്ല.തുടർന്ന് മെഡിക്കൽ ബ്രേക്ക് എടുത്ത നൊവാക്ക് മൂന്നാം സെറ്റിൽ തന്റെ സർവുകൾ കാത്തുസൂക്ഷിച്ചു. തിരിച്ചടിക്കാൻ അവസരം നോക്കി നടന്ന സിസ്റ്റിപ്പാസ് 6-6ന് ടൈബ്രേക്കറിലേക്ക് കളിനീട്ടി. ടൈബ്രേക്കറിൽ 5-0ത്തിന് ലീഡുചെയ്ത നൊവാക്കിനെതിരെ വീണ്ടും ഗ്രീക്ക് താരത്തിന്റെ തിരിച്ചുവരവ് കണ്ടു. 6-5 എന്ന സ്കോറിൽവച്ചാണ് നൊവാക്ക് വിന്നിംഗ് ഷോട്ട് പായിച്ചത്.

നൊവാക്ക് 22

10 ഓസ്ട്രേലിയൻ ഓപ്പണുകൾ ( 2008, 2011, 2012, 2013, 2015, 2016, 2019, 2020, 2021, 2023)

07 വിംബിൾഡൺ കിരീടങ്ങൾ ( 2011, 2014, 2015, 2018, 2019, 2021, 2022 )

03 യു.എസ് ഓപ്പണുകൾ ( 2011, 2015, 2018 )

02 ഫ്രഞ്ച് ഓപ്പണുകൾ (2016,2021)

നൊവാക്കിന്റെ കിരീടപ്പത്തായം

ഏറ്റവും കൂടുതൽ തവണ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ താരമെന്ന തന്റെ റെക്കാഡിന്റെ തിളക്കം ഒന്നുകൂടി കൂട്ടിയിരിക്കുകയാണ് നൊവാക്ക്.

2008 ജനുവരി 27ന് ഇതേവേദിയിൽ ജോ വിൽഫ്രഡ് സോംഗയെ തോൽപ്പിച്ചാണ് നൊവാക്ക് തന്റെ കരിയറിലെ ആദ്യ ഗ്രാൻസ്ളാം കിരീടം നേടിയത്.

2011,12,13 വർഷങ്ങളിൽ തുടർച്ചയായി ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയത് നൊവാക്കാണ്.

2015,16 വർഷങ്ങളിൽ വീണ്ടും കിരീടത്തിലെത്തിയെങ്കിലും 2017,18വർഷങ്ങളിൽ നിരാശപ്പെടേണ്ടിവന്നു.

2019,20,21 വർഷങ്ങളിൽ വീണ്ടും കിരീടവേട്ട. 2022ൽ ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനെത്തിയ നൊവാക്കിനെ കൊവിഡ് വാക്സിൻ എടുക്കാത്തതിന്റെ പേരിൽ തിരിച്ചയച്ചു.

ഇത്തവണയും വാക്സിൻ എടുക്കില്ലെന്ന നിലപാടിൽ നൊവാക്ക് ഉറച്ചുനിന്നു. സംഘാടകർ വാക്സിൻ നയം മാറ്റിയതോടെ കളിക്കാൻ അനുമതി ലഭിച്ചു.

ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയ പുരുഷ താരങ്ങൾ

നദാൽ 22

നൊവാക്ക് 22

ഫെഡറർ 20

സാംപ്രാസ് 14

എമേഴ്സൺ 12

റോഡ് ലേവർ 11

ബ്യോൺ ബോർഗ് 11

ടിൽഡെൻ 10

വനിതാ ഡബിൾസ് കിരീടം ക്രേസിക്കോവ സഖ്യത്തിന്

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് കിരീടം ചെക്ക് റിപ്പബ്ളിക്കിന്റെ ബാർബോറ ക്രേസിക്കോവ-കാതറിന സിനിയക്കോവ സഖ്യത്തിന്. ഇന്നലെ നടന്ന ഫൈനലിൽ ജപ്പാന്റെ ഷൂക്കോ അവോയാമ-ഷിബാഹാര സഖ്യത്തെ 6-4,6-3 എന്ന സ്കോറിനാണ് ക്രേസിക്കോവ സഖ്യം കീഴടക്കിയത്.

ടെന്നിസ് റാക്കറ്റേന്തിയവരിൽ ഏറ്റവും മഹാനായ കളിക്കാരനാണ് നൊവാക്ക്. ജയിച്ചാലും തോറ്റാലും അദ്ദേഹത്തിനെതിരെ കളിക്കാൻ കഴിയുന്നത് തന്നെ വലിയ നേട്ടമായി ഞാൻ കരുതുന്നു.

- സ്റ്റെഫാൻ സിസ്റ്റിപ്പാസ്.

സ്റ്റെഫാൻ മികച്ച കളിക്കാരനാണ്. കാലം അദ്ദേഹത്തിന്റെ വിജയങ്ങൾക്കായി കാത്തിരിക്കുകയാണ്. എന്റെ ഗ്രാൻസ്ളാം കിരീടവിജയങ്ങളിൽ ഏറ്റവും അവിസ്മരണീയമായതാണിത്.വലിയ വെല്ലുവിളികൾ അതിജീവിച്ച് ഈ നേട്ടത്തിലെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി.

- നൊവാക്ക് ജോക്കോവിച്ച്