ഇന്ത്യൻ പെൺപടയോട്ടം, അണ്ടർ19 വനിതാ ട്വന്റി-ട്വന്റി ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ

Monday 30 January 2023 12:10 AM IST

പോഷഫ്സ്ട്രൂം :ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ അണ്ടർ19 വനിതാ ട്വന്റി-ട്വന്റി ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യൻ പെൺകൊടികൾ. ഇന്നലെ നടന്ന ഫൈനലിൽ ഇംഗ്ളണ്ടിനെ ഏഴുവിക്കറ്റിന് തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ടിനെ 17.1 ഓവറിൽ 68 റൺസിൽ ആൾഒൗട്ടാക്കിയശേഷം മറുപടിക്കിറങ്ങിയ ഇന്ത്യ 14 ഓവറിൽ ലക്ഷ്യം കണ്ടു.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ ഷെഫാലി വെർമ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയ ടിറ്റാസ് സദ്ധുവും അർച്ചന ദേവിയും പർഷവി ചോപ്രയും ഓരോവിക്കറ്റ് വീഴ്ത്തിയ മന്നത് കാശ്യപും ഷെഫാലിയും സോനം യാദവും ചേർന്നാണ് ഇംഗ്ളണ്ടിനെ 17.1 ഓവറിൽ ചുരുട്ടിക്കൂട്ടിയത്. ആദ്യ ഓവറിൽ ഇംഗ്ളീഷ് ഓപ്പണർ ലിബർട്ടി ഹൂപ്പിനെ(0) സ്വന്തം ബൗളിംഗിൽ പിടികൂടി ടിറ്റാസ് പ്രഹരം തുടങ്ങി. നാലാം ഓവറിൽ അർച്ചന നിയാമയെയും(10),എതിർ ക്യാപ്ടൻ ഗ്രേസിനെയും (4) തിരിച്ചയച്ചു. തുടർന്ന് ഇന്നിംഗ്സിലെ ടോപ്സ്കോററായ റയാന (19) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബൗളേഴ്സ് കളിയിൽ പിടിമുറുക്കി.

ടിറ്റാസ് സദ്ധു നാലോവറിൽ വെറും ആറുറൺസ് മാത്രം വിട്ടുകൊ‌ടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. പർഷവി നാലോവറിൽ13 റൺസ് വഴങ്ങിയും അർച്ചന മൂന്നോവറിൽ 17 റൺസ് വഴങ്ങിയും രണ്ട് വിക്കറ്റ് വീതം നേടി.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഷെഫാലി വെർമയെയും (15),ശ്വേത ഷെഹ്റാവത്തിനെയും (5) തുടക്കത്തിലേ നഷ്ടമായെങ്കിലും സൗമ്യ തിവാരി (24 നോട്ടൗട്ട്),ത്രിഷ (24) എന്നിവർ ചേർന്ന് ആറോവർ ശേഷിക്കേ കിരീടവിജയത്തിലേക്ക് വഴിതുറന്നു.

Advertisement
Advertisement