കണ്ടാൽ തേങ്ങ, വിപണി പിടിച്ച് തേങ്ങാപ്പൊങ്ങ്

Monday 30 January 2023 12:58 AM IST

ചാത്തന്നൂർ: തേങ്ങാ വില 20 രൂപ, കരിക്കിന് 40 രൂപ, തേങ്ങാപ്പൊങ്ങ് അഥവാ തേങ്ങാ ആപ്പിളിന് 80 രൂപ. പുതിയ വിപണന മേഖലയിലേക്ക് കളം മാറ്റി ചവിട്ടുകയാണ് കേരകർഷകർ.

ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനിലെ കേര കച്ചവടക്കാരനാണ് പരീക്ഷണാർത്ഥം തേങ്ങ മുളപ്പിച്ച് പൊങ്ങ് വിൽപ്പനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് പിന്തുടർന്ന് പല കർഷകരും ഈ രംഗത്തേക്ക് എത്തിയിട്ടുണ്ട്.

ഏഴ് മുതൽ എട്ട് മാസം കൊണ്ടാണ് തേങ്ങാ മുഴുവനായും ഗോളാകൃതിയിൽ പൊങ്ങായി പരിണമിക്കുന്നത്. ഇത് വിൽപ്പനയ്ക്ക് എത്തിച്ചാണ് വിപണിപിടിക്കാനൊരുങ്ങുന്നത്.

ജീവകങ്ങളും ധാതുക്കളും പൊങ്ങിൽ സമ്പന്നമാണ്. ധാന്യങ്ങൾ മുളപ്പിച്ച് കഴിക്കുമ്പോൾ ലഭിക്കുന്ന പോഷകമൂല്യം പോലെയാണ് വിളഞ്ഞ തേങ്ങ മുളയ്ക്കുമ്പോൾ രൂപപ്പെടുന്ന പൊങ്ങിൽ നിന്നും ലഭിക്കുന്നത്.

പഴയ തലമുറയ്ക്ക് തേങ്ങാപ്പെങ്ങ് അപൂർവ ഭക്ഷ്യവസ്തുവല്ല. എന്നാൽ പുതിയ തലമുറയിൽ പൊങ്ങ് രുചിച്ചിട്ടുള്ളവർ ചുരുക്കമാണ്. ഇത് വിൽപ്പനയെയും സഹായിക്കുന്നുണ്ട്.