മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് ഫെബ്രു.രണ്ടിന് തുടക്കം

Monday 30 January 2023 1:16 AM IST

തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാലാം പതിപ്പിന് ഫെബ്രു.രണ്ടിന് കനകക്കുന്നിൽ തുടക്കമാകും. നാലുദിനം നീളുന്ന അക്ഷരോത്സവത്തിൽ നൊബേൽ ജേതാവ് അബ്ദുൾറസാഖ് ഗുർണ, ബുക്കർ, ജ്ഞാനപീഠ പുരസ്‌കാര ജേതാക്കൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പ്രമുഖ എഴുത്തുകാരുടെ സാന്നിദ്ധ്യമുണ്ടാകുമെന്ന് ഫെസ്റ്റിവൽ ചെയർമാനും മാതൃഭൂമി എം.ഡിയുമായ എം.വി.ശ്രേയാംസ്‌കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

'ക ഫെസ്റ്റിവൽ' എന്നറിയപ്പെടുന്ന അക്ഷരോത്സവത്തിൽ 400ലധികം പ്രഭാഷകർ പങ്കെടുക്കും. ബുക്കർ സമ്മാന ജേതാക്കളായ ഷെഹാൻ കരുണതിലകയും ജോഖ അൽഹാർത്തിയും എത്തും. ജ്ഞാനപീഠ പുരസ്‌കാര ജേതാക്കളായ എം.ടി. വാസുദേവൻ നായർ, ദാമോദർ മൗസോ, അമിതാവ് ഘോഷ് എന്നിവരാണ് മറ്റു പ്രമുഖർ. മാതൃഭൂമിയുടെ ശതാബ്ദിവർഷത്തിൽ നടക്കുന്ന അക്ഷരോത്സവത്തിന്റെ പ്രമേയം 'ചരിത്രത്തിന്റെ നിഴലിൽ, ഭാവിയുടെ വെളിച്ചത്തിൽ' എന്നതാണ്.

എഴുത്തുകാർ, പ്രസാധകർ, അഭിനേതാക്കൾ, ചലച്ചിത്രപ്രവർത്തകർ, സംഗീതജ്ഞർ, മാദ്ധ്യമപ്രവർത്തകർ, കലാകാരൻമാർ, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങി അക്ഷരങ്ങളുടെ വിസ്മയലോകത്ത് ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും സംഗമത്തിനാണ് അക്ഷരോത്സവം സാക്ഷ്യം വഹിക്കുകയെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ദേവിക ശ്രേയാംസ്‌കുമാർ പറഞ്ഞു.

തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, മഹുവ മൊയിത്ര എം.പി, കവിയും മാദ്ധ്യമപ്രവർത്തകനുമായ പ്രിതീഷ് നന്ദി തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

ഇന്ത്യൻ സാഹിത്യത്തെ പ്രതിനിധീകരിക്കുന്ന സുധാമൂർത്തി, അനിന്ദിതാ ഘോഷ്, അനിതാനായർ, ശോഭഡേ, ആനന്ദ് നീലകണ്ഠൻ, ജീത് തയ്യിൽ തുടങ്ങിയവരും മലയാള സാഹിത്യത്തിലെ മുതിർന്ന എഴുത്തുകാരായ ടി. പത്മനാഭൻ, കെ. സച്ചിദാനന്ദൻ, കെ.ജി. ശങ്കരപ്പിള്ള, സാറാ ജോസഫ്, എൻ.എസ്. മാധവൻ, സക്കറിയ തുടങ്ങിയവരും പ്രധാന സാന്നിധ്യങ്ങളാകും.

Advertisement
Advertisement