സമരത്തിൽ നിന്ന് സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് പിന്മാറണം: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: ശമ്പള വർദ്ധന ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിൽ നിന്ന് സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് അസോസിയേഷൻപിന്മാറണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുക, ഹൈക്കോടതി വിധി നടപ്പിലാക്കുക, യു.പി.എസ്.എ ശമ്പള സ്കെയിൽ എസ്.എസ്.കെ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർക്കും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കലാ- കായിക പ്രവൃത്തി പരിചയ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ സമഗ്ര ശിക്ഷാ കേരളം സംസ്ഥാന ഓഫീസിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
2016-17 കാലത്താണ് കലാ, കായിക വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നിവയിൽ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നത്. 40 ശതമാനം സംസ്ഥാന സർക്കാരും 60 ശതമാനം കേന്ദ്ര സർക്കാരുമാണ് ശമ്പള വിഹിതം നൽകേണ്ടത്. ശമ്പളം വെട്ടിക്കുറച്ചതും പാർട്ട് ടൈമാക്കിയതും കേന്ദ്രസർക്കാരാണ്. അദ്ധ്യാപകരുമായി രണ്ടുതവണ ചർച്ച നടത്തി. നിലവിലെ ശമ്പളത്തിൽ 2000 രൂപ കൂടി സംസ്ഥാനം നൽകാമെന്നും സെപ്തംബർ മുതൽ പ്രാബല്യത്തിൽ വരുത്തി നാലു മാസത്തെ കുടിശിക നൽകാമെന്നും ഉറപ്പു നൽകി. തൊട്ടടുത്ത ബി.ആർ.സികളിൽ പോസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളും അംഗീകരിക്കുമെന്നും ജോലി ഫുൾടൈമാക്കുന്നതിനും ശമ്പള വർദ്ധനവിനുമുള്ള കേന്ദ്രസഹായം ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അദ്ധ്യാപകരുടെ പരാതി പരിശോധിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2016ൽ 29500 രൂപ ശമ്പളം നിശ്ചയിച്ചാണ് അദ്ധ്യാപക നിയമനം നടത്തിയത്. എന്നാൽ, ശമ്പളമായി നൽകിയത് 25,000 രൂപ. 2018ൽ പ്രളയത്തിന്റെ പേരിൽ തുക 14000 ആക്കി വെട്ടിച്ചുരുക്കി. 2022- 23ൽ ശമ്പളം വീണ്ടും 10,000 രൂപയാക്കി. ഇതിൽ പി.എഫ് പിടിത്തം കഴിഞ്ഞ് വെറും 8800 രൂപയാണ് ലഭിക്കുക. ഇതിനെത്തുടർന്ന് കഴിഞ്ഞ 12 ദിവസമായി രാപകലില്ലാതെ സമരമിരിക്കുകയാണ് അദ്ധ്യാപകർ. തുല്യ ജോലിക്ക് തുല്യ വേതനമെന്ന സുപ്രീംകോടതിവിധി സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർക്കും ബാധകമാണെന്ന ഹൈക്കോടതി വിധി നടപ്പിലാക്കണമെന്നാണ് ആവശ്യം. മിനിമം വേതനമെങ്കിലും അനുവദിക്കാതെ സമരം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് അസോസിയേഷൻ സെക്രട്ടറി രതീഷ് പറയുന്നു.