ചിന്തയുടെ ഗവേഷണ പ്രബന്ധം കോപ്പിയടിയിലും ചിന്തയായി
തിരുവനന്തപുരം: ഒരു തലമുറയ്‌ക്കാകെ വിപ്ലവ വീര്യം പകർന്ന വാഴക്കുല എന്ന കാലാതീത കവിതയുടെ രചയിതാവിനെ തെറ്റിച്ചെഴുതി, മലയാളത്തിലെ കാവ്യഗോപുരങ്ങളായ ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും അപമാനിച്ചെന്ന ആക്ഷേപം കേൾക്കുന്ന യുവജനകമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ വിവാദ ഗവേഷണപ്രബന്ധത്തിൽ കോപ്പിയടിയും ഉണ്ടെന്ന് പുതിയ ആരോപണം. സംസ്ഥാനത്തിന് പുറത്തുള്ള അക്കാഡമിക് വിദഗ്ധരെയും ഈ സംഭവം അലോസരപ്പെടുത്തുന്നു. സോഷ്യൽ മീഡിയയിൽ മാത്രമല്ല അക്കാഡമിക് വിദഗ്ധരുടെ സ്വകാര്യ സംഭാഷണങ്ങളിൽപ്പോലും ഇതാണ് ഇപ്പോൾ പ്രധാന വിഷയം.
ബോധി കോമൺസ് എന്ന വെബ് സൈറ്റിൽ 2010ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആശയവും ആ ലേഖനത്തിൽ വാഴക്കുലയുടെ രചയിതാവിനെ തെറ്റായി രേഖപ്പെടുത്തിയത് അതേപടിയും ചിന്ത തീസിസിൽ പകർത്തിയെന്നാണ് ആക്ഷേപം. ഇതിൽ കേരള വി.സിക്ക് പുതിയ പരാതി നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി അറിയിച്ചു.
ഗവേഷണ പ്രബന്ധത്തിൽ വാഴക്കുലയുടെ രചയിതാവായി ചങ്ങമ്പുഴയ്ക്കു പകരം വൈലോപ്പിള്ളിയെന്ന് തെറ്റിച്ചെഴുതിയതാണ് വിവാദമായത്. കേരള സർവകലാശാല പി. വി. സിയായിരുന്നു ചിന്തയുടെ ഗൈഡ്.
ജന്മി - കുടിയാൻ, അടിമ - ഉടമ, കീഴാള - മേലാള, ഉച്ച നീചത്വ വ്യവസ്ഥിതിക്കെതിരെ 85 കൊല്ലം മുമ്പ് കവിതയുടെ വാൾ വീശി ചങ്ങമ്പുഴ രചിച്ച അനശ്വര കൃതിയായ വാഴക്കുലയെ പറ്റി, ഇതേ ദുരാചാരങ്ങൾക്കെതിരെ പൊരുതിയ മഹാപ്രസ്ഥാനത്തിന്റെ യുവ വനിതാ നേതാവിന്റെ അജ്ഞത ഗവേഷണ പ്രബന്ധത്തിൽ തന്നെ പ്രകടമായത് സമൂഹത്തിലാകെ ചർച്ചയായിട്ടുണ്ട്. ചിന്തയുടെ ശമ്പള കുടിശിക വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ വിവാദം.
'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്ന ഗവേഷണ വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്ന് പറയുന്ന ഭാഗത്താണ് 'വാഴക്കുല ബൈ വൈലോപ്പിള്ളി' എന്ന് ചിന്ത എഴുതിയിരിക്കുന്നത്.
ഗുരുതരമായ തെറ്റ് പുറത്തുവന്നിട്ടും കേരള സർവകലാശാല നടപടിയെടുക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. തെറ്റ് കണ്ടെത്താൻ ഗൈഡായിരുന്ന മുൻ പി. വി. സി പി.പി. അജയകുമാറിനും മൂല്യനിർണയം നടത്തിയവർക്കും കഴിയാത്തതിനെതിരെയും പരാതികളുണ്ട്. ഓപ്പൺ ഡിഫൻസിൽ പോലും ഒരു ചർച്ചയും വിലയിരുത്തലും നടത്താതെയാണോ ഡോക്ടറേറ്റ് നൽകുന്നതെന്ന ചോദ്യമാണ് കേരള സർവകലാശാല നേരിടുന്നത്.