കേന്ദ്രം തരും 1000 ഇ- ബസ്,​ മലിനീകരണമില്ലാത്ത വഴിയിലേക്ക് കെ.എസ്.ആർ.ടി.സി

Monday 30 January 2023 1:56 AM IST

ഡ്രൈവർ ഉൾപ്പെടെയുള്ള 750 ബസിന് കിലോമീറ്ററിന് 43 രൂപ വാടക  250 ബസ് സൗജന്യം

തിരുവനന്തപുരം: ഈ വർഷത്തോടെ പൂർണമായും ഹരിത ഇന്ധനത്തിലേക്കു മാറുകയെന്ന കെ.എസ്.ആർ.ടി.സിയുടെ സ്വപ്നത്തിന് ചിറകേകി, കേന്ദ്ര സർക്കാർ രണ്ടു പദ്ധതികളിലൂടെ 1000 ഇലക്ട്രിക് ബസുകൾ നൽകും.ഇവയിൽ, ദീർഘദൂര സർവീസിന് ഉപയോഗിക്കാവുന്ന 750 ബസുകൾ ഡ്രൈവർ അടക്കം ലീസ് വ്യവസ്ഥയിൽ തരുന്നതാണ്. വാടക കൊടുക്കണം.നഗരകാര്യവകുപ്പിന്റെ ഓഗുമെന്റേഷൻ ഓഫ് സിറ്റി സർവീസ് സ്കീമിൽ ഉൾപ്പെടുത്തി ലഭിക്കുന്ന 250 ബസുകൾ സൗജന്യമാണ്.

ശരാശരി ഒരു കോടി രൂപയാണ് ഒരു ബസിന്റെ വില. വായുമലിനീകരണവും ശബ്ദമലിനീകരണവും ഒഴിവാക്കുന്നതിനൊപ്പം സാമ്പത്തികഭദ്രതയും ലക്ഷ്യമിട്ടാണിത്.

ഒറ്റ ചാർജ്ജിൽ 400 കിലോമീറ്ററിലേറെ ഓടുന്നവയാണ് 750 ഇ- ബസുകൾ.നഗര സർവീസുകൾക്ക് ഉപയോഗിക്കുന്നവ ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കും. ഊർജ്ജ വകുപ്പിന്റെ നാഷണൽ ബസ് പ്രോഗ്രം പ്രകാരം ലഭിക്കുന്ന 750 ബസുകൾക്ക് ഡ്രൈവറുടെ ശമ്പളം ഉൾപ്പെടെ കിലോമീറ്ററിന് 43 രൂപ വാടകയായി നൽകണം.ഡ്രൈവറെ നൽകുന്നത് ഒഴിവാക്കി വാടക നിരക്ക് കുറയ്ക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. .

3000 ബസുകൾ സി.എൻ.ജിയിലേക്ക്

നിലവിലെ ബസുകളെ സി.എൻ.ജിയിലേക്കും എൽ.എൻ.ജിയിലേക്കും മാറ്റുന്ന പദ്ധതിയും ഗതാഗത വകുപ്പ് തയ്യാറാക്കി വരുന്നു. സി.എൻ.ജിയുടെ വില കുറയുന്നതിനുസരിച്ച് 3000 ഡ‌ീസൽ ബസുകൾ കൂടി സി.എൻ.ജിയിലേക്ക് മാറ്റും.

പരീക്ഷണാടിസ്ഥാനത്തിൽ 5 ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റിയത് വിജയം കണ്ടിരുന്നു. തിരുവനന്തപുരത്ത് ഇപ്പോൾ 82-83 രൂപയാണ് കിലോഗ്രാമിന് സി.എൻ.ജി വില. അഡ്മിനിസ്ട്രേറ്റീവ് പ്രൈസ് മെക്കാനിസം (എ.പി.എം) സി.എൻ.ജിക്ക് ബാധകമാകുമ്പോൾ വില 70 രൂപ വരെയായി കുറയുമെന്നാണ് ഉത്പാദകർ അറിയിച്ചിരിക്കുന്നത്. ട്രാൻസ്പോർട്ട് ബസുകളിൽ എൽ.എൻ.ജി ഉപയോഗിക്കുമ്പോൾ ഉണ്ടാകാവുന്ന നേട്ടത്തെക്കുറിച്ച് പഠിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ബറോ‌ഡയിലെത്തി വാഹന നിർമ്മാതാക്കളുമായി ചർച്ച നടത്തും.

ഹരിത വഴി

ദീർഘദൂര ഇ ബസ് വില 1 മുതൽ 1.3 കോടി വരെ

സിറ്റി ഇ ബസ് വില 70 ലക്ഷം മുതൽ 1 കോടി വരെ

ഡീസലിൽ നിന്ന് സി.എൻ.ജിയിലേക്ക് ബസൊന്നിന് മാറാൻ 5 ലക്ഷം

എൽ.എൻ.ജിയിലേക്ക് മാറാൻ 10 ലക്ഷം

Advertisement
Advertisement