സമുദായ ക്ഷേമത്തിന് കുട്ടപ്പൻ ചെട്ടിയാർ അഹോരാത്രം പ്രയത്നിച്ചു:മന്ത്രി അനിൽ

Monday 30 January 2023 2:16 AM IST

തിരുവനന്തപുരം: സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിച്ചയാളാണ്എസ്. കുട്ടപ്പൻ ചെട്ടിയാരെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.കേരള വണികവൈശ്യസംഘം സംസ്ഥാന പ്രസിഡന്റ് കുട്ടപ്പൻ ചെട്ടിയാരുടെ സപ്തതി ആഘോഷം തമ്പാനൂർ റെയിൽവെ കല്യാണ മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറിയ സംഘടനകളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് കുട്ടപ്പൻ ചെട്ടിയാർ വഹിച്ച പങ്ക് ചെറുതല്ല. ആധുനികവത്കരണം വന്നതോടെ പരമ്പരാഗത തൊഴിലുകൾ നശിക്കുമ്പോൾ, അതിനെ ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാഗത്തെ സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടപ്പൻ ചെട്ടിയാരെ മന്ത്രി ജി.ആർ.അനിൽ പൊന്നാട അണിയിച്ച് ആദരിച്ചു.കുട്ടപ്പൻ ചെട്ടിയാരെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ചികിത്സാ സഹായ വിതരണം, അനുമോദന സമ്മേളനം, ദുരിതാശ്വാസ നിധി വിതരണം, വിശിഷ്ട വ്യക്തികളെ ആദരിക്കൽ എന്നിവയും നടന്നു.വണികവൈശ്യസംഘം സംസ്ഥാന ജില്ലാ നേതാക്കൾ കുട്ടപ്പൻ ചെട്ടിയാരെ പൊന്നാട അണിയിച്ചു. ജന്മദിനത്തോടനുബന്ധിച്ച് പ്രവർത്തകർ തയ്യാറാക്കിയ കേക്ക് കുട്ടപ്പൻ ചെട്ടിയാരും ഭാര്യ അനന്തലക്ഷ്മിയും ചേർന്ന് മുറിച്ചു മധുരം പങ്കിട്ടു.മുപ്പതാം പിറന്നാൾ ദിനത്തിലാണ് കുട്ടപ്പൻ ചെട്ടിയാർ കേരള വണിക വൈശ്യ സംഘത്തിന്റെ ജനറൽ സെക്രട്ടറിയായത്.

ചടങ്ങിൽ സപ്തതി ആഘോഷകമ്മിറ്റി ചെയർമാൻ എസ്.സുബ്രഹ്മണ്യൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജെ.ആർ.പത്മകുമാർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സംസാരിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ് എം.എൽ.എ, ഐ.ബി.സതീഷ് എം.എൽ.എ, മുൻമന്ത്രി വി.എസ്.ശിവകുമാർ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, മുതിർന്ന ബി.ജെ.പി നേതാവ് കെ.രാമൻപിള്ള, വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, കേരള പുലയർ മഹാസഭ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മുൻ എം.എൽ.എ വി.ദിനകരൻ, ഓൾ ഇന്ത്യ ഫോർവേഡ്‌ബ്ലോക്ക് സെക്രട്ടറി ജി.ദേവരാജൻ തുടങ്ങിയവർ പങ്കെടുത്തു.