കെ.ജയകുമാറിനും കെ.ആർ.അജയനും ഡി.വിനയചന്ദ്രൻ അവാർഡ്
തിരുവനന്തപുരം: കവി ഡി.വിനയചന്ദ്രന്റെ ഓർമ്മയ്ക്കായി വിനയചന്ദ്രൻ പൊയട്രി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള നാഷണൽ പൊയട്രി അവാർഡ് കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന് സമ്മാനിക്കും. 50,000 രൂപയും നേമം പുഷ്പരാജ് രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ലഭ്യമായ 17 നാമനിർദ്ദേശങ്ങളിൽനിന്നാണ് കെ. ജയകുമാറിനെ ജഡ്ജിംഗ് കമ്മിറ്റി തിരഞ്ഞെടുത്തത്. യാത്രാവിവരണത്തിനുള്ള അവാർഡ് കഥാകൃത്തും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ കെ.ആർ. അജയന്റെ 'ആരോഹണം ഹിമാലയം'എന്ന കൃതിക്കാണ്. 10,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ഡോ. ഇന്ദ്രബാബു ചെയർമാനും ഡോ.പി.സി.റോയി, പ്രൊഫ.എം.എസ്. നൗഫൽ എന്നിവർ അംഗങ്ങളും ശ്രീകുമാർ മുഖത്തല കൺവീനറുമായ കമ്മിറ്റിയാണ് അവാർഡുകൾ നിർണയിച്ചത്. ഫെബ്രുവരി നാലാംവാരം തിരുവനന്തപുരം പ്രസ്ക്ലബിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് ജനറൽ സെക്രട്ടറി പ്രതാപൻ അറിയിച്ചു.അവാർഡ് കമ്മിറ്റി അംഗങ്ങളും ട്രഷറർ കുടവനാട് സുരേന്ദ്രനും സുനിൽ പാച്ചല്ലൂരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തോടൊപ്പം ഏകദിന ദേശീയ കാവ്യ സംവാദവും നടക്കും.