റിട്ട.ജസ്റ്റീസ് ഫാത്തിമ ബീവിയെ ഗോവ ഗവർണർ സന്ദർശിച്ചു

Monday 30 January 2023 2:19 AM IST

പത്തനംതിട്ട: നാടിന്റെ അഭിമാനമായ വനിതാ രത്‌നങ്ങളെ പുതുതലമുറ വിസ്മരിക്കരുതെന്ന് ഗോവാ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള. റിട്ട.ജസ്റ്റിസ് ഫാത്തിമാ ബീവിയെ പത്തനംതിട്ടയിലെ വസതിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി,ആദ്യ നിയമ വിദ്യാർത്ഥിനി,ഗവർണർ തുടങ്ങിയ പദവികൾ അലങ്കരിച്ച ഫാത്തിമാ ബീവിയെപോലുള്ളവരുടെ അനുഭവങ്ങൾ പുതുതലമുറയ്ക്ക് പാഠമാണ്. ഇത്തരം മാർഗദർശികളായ വനിതകളുടെ വിശദാംശങ്ങൾ ശേഖരിച്ച് പുസ്തകം എഴുതാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ ഉച്ചക്ക് 12.30ഓടെയാണ് ഫാത്തിമബീവിയുടെ പത്തനംതിട്ട നഗരത്തിലെ അണ്ണാവീട്ടിൽ ശ്രീധരൻപിള്ള എത്തിയത്. ഫാത്തിമാ ബീവിയുടെ സഹോദരന്റെ മകൻ മാവേലിക്കര കുടുംബക്കോടതി ജഡ്ജ് ഹഫീസ് മുഹമ്മദും സഹോദരി ഖുൽസംബീവിയുടെ മകൻ അബ്ദുൾ ഖാദറും ബന്ധുക്കളും ചേർന്ന് ശ്രീധരൻപിള്ളയെ സ്വീകരിച്ചു. 94വയസുള്ള ഫാത്തിമാ ബീവി വിശ്രമ ജീവിതത്തിലാണ്.