അദാനിയുടെ തട്ടിപ്പ് മോദിയുടേത് കുറ്റകരമായ മൗനം - സുധാകരൻ
തിരുവനന്തപുരം: അദാനി ഗ്രൂപ്പ് കൃത്രിമ കണക്കുകളിലൂടെയാണ് കോർപ്പറേറ്റ് സാമ്രാജ്യം കെട്ടിപ്പടുത്തതെന്ന റിപ്പോർട്ട് പുറത്ത് വന്നിട്ടും പ്രധാനമന്ത്രി തുടരുന്നത് കുറ്റകരമായ മൗനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു.
ബി.ജെ.പിയുടെയും മോദിയുടെയും സ്‌പോൺസറായ അദാനിക്ക് വളഞ്ഞ വഴികളിലൂടെ പണം സമ്പാദിക്കാനുള്ള മാർഗങ്ങൾ കേന്ദ്രം അനിയന്ത്രിതമായി തുറന്നു കൊടുത്തു. വിദേശ നിക്ഷേപങ്ങൾക്കായി രാജ്യത്തിന്റെ വാതിൽ തുറന്നിട്ടത് അദാനിയെ പോലുള്ള കോർപ്പറേറ്റ് കുത്തകളുടെ പേപ്പർ കമ്പനികൾക്ക് ഇവിടെ നിന്നും കോടികൾ കൊള്ളയടിക്കാനാണ്. ഇതിൽ നല്ലൊരു പങ്ക് മോദിയും ബി.ജെ.പിയും കൈപ്പറ്റിയിട്ടുണ്ടെന്ന ആക്ഷേപമുണ്ട്. കേരളത്തിൽ അദാനി തുടങ്ങിയ പദ്ധതികളെ ഇപ്പോഴത്തെ പ്രതിസന്ധി കാര്യമായി ബാധിക്കുമോയെന്ന ആശങ്കയുണ്ട്.
പൊതുജനതാത്പര്യവും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ സുരക്ഷയും ഉറപ്പുവരുത്താൻ പഴുതടച്ച അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓഹരി വില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിച്ച അദാനി ഊതിപ്പെരുപ്പിച്ച ബലൂണായിരുന്നെന്ന് വ്യക്തമായി.വിമാനത്താവളവും തുറമുഖവും ഉൾപ്പെടെ ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ അദാനിക്ക് തീറെഴുതിയ മോദി സർക്കാർ അവയുടെ നിലനിൽപ്പ് അപായപ്പെടുത്തി. കർഷർക്കും ചെറുകിട വ്യവസായികൾക്കും മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കുമ്പോഴാണ് സ്വകാര്യ ബാങ്കുകളേക്കാൾ ഇരട്ടി വായ്പ പൊതുമേഖലാ ബാങ്കുകൾ അദാനി ഗ്രൂപ്പിന് നൽകിയതെന്നും സുധാകരൻ ആരോപിച്ചു.