അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ തർക്കം: ഒരാൾക്ക് കഴുത്തിന് വെട്ടേറ്റു
Tuesday 31 January 2023 12:03 AM IST
ആലങ്ങാട്: കുന്നേൽപള്ളിക്കുസമീപം എഴുവച്ചിറ കവലയിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ ഭക്ഷണത്തിന്റെ പേരിൽ വാക്ക് തർക്കത്തിനൊടുവിൽ ഒരാൾക്ക് കഴുത്തിന് വെട്ടേറ്റു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. കഴുത്തിന് ഗുരുതരപരുക്കേറ്റ അസാം മുരിഗാവ് ബുരാഗാവ് സ്വദേശി അബ്ദുള്ളയെ (ജോഹു 30) കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി അസാം സ്വദേശി അമീർ ഹംസ ( 27 ) ഒളിവിലാണ്. ഇരുവരും ഒരേ മുറിയിലാണ് താമസിക്കുന്നത്.
കത്തിക്ക് വെട്ടേറ്റ അബ്ദുള്ളയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. അബ്ദുള്ളയുടെ കഴുത്തിൽ ആഴമേറിയ മുറിവാണെന്നും 22 തുന്നലുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. ആലങ്ങാട് പൊലീസെത്തി സംഭവസ്ഥലത്ത് പരിശോധന നടത്തി. ആക്രമണം നടത്താൻ ഉപയോഗിച്ച കത്തി പോലീസ് വീട്ടിനുള്ളിൽനിന്ന് കണ്ടെടുത്തു.