ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ചു; തീരുമാനം ഫെെസലിനെതിരായ  ശിക്ഷാനടപടി ഹെെക്കോടതി  സ്റ്റേ ചെയ്ത സാഹചര്യത്തിൽ

Monday 30 January 2023 6:27 PM IST

ന്യൂഡൽഹി: ലക്ഷദ്വീപ് ലോക്സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. ലക്ഷദ്വീപ് മുൻ എം പി മുഹമ്മദ് ഫെെസലിനെ കവരത്തി കോടതി വധശ്രമക്കേസിൽ ശിക്ഷിച്ചതോടെയാണ് ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ ഫെെസലിനെതിരായ ശിക്ഷാനടപടി കേരള ഹെെക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചത്.

അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഫെെസലിന്റെ ഹർജിയിൽ സുപ്രീംകോടതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയത്.

മുൻ കേന്ദ്രമന്ത്രി പി എം സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കവരത്തി സെഷൻസ് കോടതിയാണ് മുഹമ്മദ് ഫൈസൽ, സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവർക്ക് പത്തു വർഷം വീതം തടവും ഓരോ ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. ഇതിനിടെയാണ് ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടെന്ന കാരണത്താൽ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലക്ഷദ്വീപിൽ ഫെബ്രുവരി 27ന് തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനമിറക്കിയത്. കവരത്തി കോടതിയുടെ കുറ്റവും ശിക്ഷയും ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് മരവിപ്പി ക്കുകയായിരുന്നു.