ഹൗസ്ബോട്ടിന് തീപിടിച്ചു; മൂന്ന് വിനോദസഞ്ചാരികളടക്കം അഞ്ച് പേരെ രക്ഷപ്പെടുത്തി
Monday 30 January 2023 7:09 PM IST
കൊല്ലം: ചവറ പന്മന കന്നിട്ടക്കടവിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന മൂന്ന് വിദേശികളെയും രണ്ട് ജീവനക്കാരെയും രക്ഷപ്പെടുത്തി. ഹൗസ് ബോട്ട് പൂർണമായും കത്തി നശിച്ചു. ഇന്ന് വെെകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. ജർമൻ സ്വദേശികളായ മൂന്നുപേർ ആലപ്പുഴയിൽ നിന്ന് കൊല്ലത്ത് ഇറങ്ങാൻ ഇരിക്കുകയായിരുന്നു. ഇവരെയും ഒപ്പമുണ്ടായിരുന്ന രണ്ടു ജീവനക്കാരെയും തീ ആളിക്കത്തുന്നതിനു മുൻപ് ഹൗസ്ബോട്ടിൽ നിന്ന് വള്ളത്തിൽ രക്ഷപ്പെടുത്തി.
റിച്ചാർഡ്, ആൻഡ്രിയാസ്, വാലെന്റെ എന്നിവരാണ് വിദേശികൾ. വള്ളത്തിൽ ഇവരെ കരയ്ക്കെത്തിച്ചതിനു പിന്നാലെ ബോട്ട് പൂർണമായും കത്തി നശിക്കുകയായിരുന്നു. കൊല്ലം, കരുനാഗപ്പള്ളി ചവറ എന്നിവിടങ്ങളിലെ അഗ്നിശമനാ യൂണിറ്റ് എത്തിയാണ് തീയണച്ചത്. കൊല്ലത്ത് ഇറങ്ങിയ ശേഷം കാർ മാർഗം വർക്കലയ്ക്കു പോകുകയായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യം.