'ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് വലത്തേക്ക് തിരിക്കുക, വെട്ടിത്തിരിച്ച് അപ്രതീക്ഷിത യുടേൺ എടുക്കുക ഇവ അപകടമുണ്ടാക്കും'; ഓട്ടോ ഡ്രൈവർമാർ തിരുത്തേണ്ട കാര്യങ്ങൾ ഓർമ്മിപ്പിച്ച് പൊലീസ്

Monday 30 January 2023 7:47 PM IST

നമ്മുടെ നിരത്തുകളിൽ കാണുന്ന ഏറ്റവും പ്രധാന വാഹനങ്ങളിലൊന്നാണ് ഓട്ടോറിക്ഷ. ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞാൽ കാണപ്പെടുന്ന വാഹനങ്ങളിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ. ആത്മാഭിമാനത്തോടെ ജോലിനോക്കുന്ന മലയാളിയുടെ പ്രതീകമാണ് ഓട്ടോ. എന്നാൽ പൊതുവിൽ ഓട്ടോറിക്ഷ ഡ്രൈവർമാരെക്കുറിച്ച് പറയപ്പെടുന്ന ചില ബുദ്ധിമുട്ടുകളുണ്ട്. അക്കാര്യങ്ങൾ പരാമർശിച്ച് റോഡിൽ ശ്രദ്ധ വേണമെന്ന് അറിയിക്കുകയാണ് കേരളാ പൊലീസ്. സമൂഹമാദ്ധ്യമ പോസ്‌റ്റിലൂടെ പിറകിലെ വാഹനങ്ങൾ ശ്രദ്ധിക്കാതെ യുടേൺ എടുക്കുക,ഇടത്തേക്ക് ഇൻഡിക്കേറ്ററിട്ട് വലത്തേക്ക് തിരിയുക, നടുറോഡിൽ പെട്ടെന്ന് നിർത്തുക ഇങ്ങനെ പോരായ്‌മകൾ ചൂണ്ടിക്കാട്ടിയ ശേഷം ഇൻഡിക്കേറ്ററുകൾക്കനുസരിച്ച് മാത്രം വാഹനം തിരിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു പൊലീസ്.

പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

ഓർക്കുക. മൂന്ന് വീലിൽ ഓടുന്നതിനാൽ പെട്ടെന്ന് തിരിക്കാവുന്ന വാഹനമാണ് ഓട്ടോറിക്ഷ. എന്നാൽ അതേ പോലെ തന്നെ പെട്ടെന്ന് മറിയാനിടയുള്ള വാഹനവുമാണ്. കൂടാതെ ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടു വലത്തേക്ക് തിരിയുക, നടുറോഡിൽ പെട്ടെന്ന് നിർത്തുക, ഇൻഡിക്കേറ്റർ ഇടാതെ, സിഗ്നൽ നൽകാതെ, പുറകിൽ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ പെട്ടെന്ന് വെട്ടിത്തിരിച്ച് അപ്രതീക്ഷിത യുടേൺ എടുക്കുക തുടങ്ങിയവ കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്നു . ദയവായി ഇൻഡിക്കേറ്ററുകൾക്കനുസരിച്ചു മാത്രം വാഹനം തിരിക്കുക. വാഹനം നിർത്തുന്നതിനു മുൻപ് റോഡിലെ മറ്റു വാഹനങ്ങൾക്ക് സിഗ്നൽ നൽകുക. യു ടേൺ എടുക്കുന്നതിന് മുൻപ് ഇൻഡിക്കേറ്റർ ഇട്ട് റോഡിൽ ഇടതുവശം ചേർന്ന് നിന്ന ശേഷം വണ്ടി വലത്തോട്ട് തിരിയാൻ പോകുകയാണ് എന്ന സിഗ്നൽ കാണിച്ച് പുറകിൽ നിന്ന് വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പുവരുത്തി മാത്രം യു ടേൺ എടുക്കുക.

Advertisement
Advertisement