മെെലേജ് കുറയുന്നു; മതിയായ ടെക്‌നീഷ്യൻമാരില്ല ഇ-ഓട്ടോതൊഴിലാളികൾക്ക് ദുരിതകാലം

Tuesday 31 January 2023 12:50 AM IST

കോഴിക്കോട്: പ്രകൃതിസൗഹൃദമെന്ന നിലയ്ക്ക് സർക്കാർ വായ്പ നൽകിയും സബ്സിഡി നൽകിയും നിരത്തിലിറക്കിയ ഇലക്ട്രിക് ഓട്ടോകൾ പ്രതിസന്ധിയിൽ. 2019ലാണ് ഇലക്ട്രിക് ഓട്ടോകൾ നിരത്തിലിറങ്ങിയത്. എന്നാൽ കമ്പനികളുടെ നിരുത്തരവാദപരമായ സമീപനം മൂലം ഇലക്ട്രിക് ഓട്ടോകൾ എടുത്ത തങ്ങൾ കടക്കെണി മൂലം ആത്മഹത്യയുടെ വക്കിലാണെന്നാണ് തൊഴിലാളികൾ പറയുന്നത്.

മൂന്നര ലക്ഷം ചെലവഴിച്ച് 200 ഓളംപേരാണ് ജില്ലയിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ നിരത്തിലിറക്കിയത്. തുടക്കത്തിൽ വളരെനന്നായി ഓടുകയും നല്ല വരുമാനം നേടുകയും ചെയ്തെങ്കിലും രണ്ട് വർഷം കഴിഞ്ഞതോടെ ഓട്ടോറിക്ഷകളുടെ മെെലേജ് നേർ പകുതിയായി. ഓട്ടോകൾക്ക് 130 കിലോമീറ്റർ വരെ ഓടാൻ സാധിക്കുമെന്നായിരുന്നു മഹീന്ദ്ര കമ്പനി അവകാശപ്പെട്ടിരുന്നത്. എന്നാൽ 60 മുതൽ 70 കിലോമീറ്റർ മാത്രമാണ് ഓട്ടോറിക്ഷകൾക്ക് ലഭിക്കുന്നത്.

പിയാജിയോ കമ്പനി 60 കിലോമീറ്റർ വാഗ്ദാനം നൽകുമ്പോഴും 40 കിലോ മീറ്റർ ഓടിയാൽ വീണ്ടും ചാർജ് ചെയ്യേണ്ട അവസ്ഥയിലാണ്. മാത്രമല്ല, സ്പെയർ പാർട്സുകളുടെ ലഭ്യതയും നിലനിൽക്കുന്നുണ്ട്. ഇതുമൂലം കമ്പനി പറയുന്ന 10000ത്തോളം രൂപ നൽകിയാണ് തൊഴിലാളികൾ സ്പെയർ പാർട്സ് വാങ്ങുന്നത്.

ചാർജിംഗ് സ്റ്റേഷനുകളിലും സർവീസ് സ്റ്റേഷനുകളിലും ടെക്‌നീഷ്യൻമാരില്ലാത്തതും തൊഴിലാളികൾക്ക് തിരിച്ചടിയാവുകയാണ്. സർവീസ് ചെയ്യാൻ കൊടുത്താൽ 30, 40 ദിവസം കഴിഞ്ഞാണ് ലഭിക്കുന്നത്. ചാർജിംഗ് സ്റ്റേഷനിൽ ആളില്ലാത്തതിനാൽ സ്വമേധയാ ഓപ്പറേറ്റ് ചെയ്യണ്ട അവസ്ഥയിലാണെന്നും തൊഴിലാളികൾ പറയുന്നു. ചാർജിംഗ് സ്റ്റേഷനുകളുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലവിൽ സിറ്റിയിൽ വെെക്കം മുഹമ്മദ് ബഷീർ റോഡ്, മാങ്കാവ് ,വെങ്ങാലി, മെഡിക്കൽ കോളേജ്, ചക്കോരത്ത് കുളം, കല്ലായി, ജയിൽ റോഡ് എന്നിവിടങ്ങളിൽ മാത്രമാണ് ചാർജിംഗ് പോയിന്റുകളുള്ളത്.

നേരിട്ട് ചാർജ് ചെയ്യുന്നതും ബാറ്ററി മാറ്റാവുന്നതുമായ രണ്ടുതരം ഇലക്ട്രിക് ഓട്ടോകളാണുളളത്. മൂന്ന് ബാറ്ററികൾ മാറ്റിയാൽ ഓടാൻ കഴിയുന്ന കൂടിയ ദൂരം 70 കി. മീറ്ററാണ്. ചാർജ് ചെയ്യുന്നവയാണെങ്കിൽ നാല് മണിക്കൂർ ചാർജ് ചെയ്താൽ 130 കി.മി വരെ ഓടാം. അതിനാൽ ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് അധികം ദൂരം സർവീസ് നടത്താൻ കഴിയില്ല.

വീടുകളിൽ ചാർജ് ചെയ്യുന്നതിന് പ്രത്യേക മീറ്റർ സൗകര്യങ്ങൾ അനുവദിച്ചിരുന്നു. എന്നാൽ പൊതു ഇടങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ വന്നാൽ മാത്രമേ ദീർഘദൂര യാത്രകൾ തടസമില്ലാതെ നടത്താൻ കഴിയൂ. ഇതുമൂലം സിറ്റിയ്ക്ക് പുറത്തേക്കുള്ള ഓട്ടം തൊഴിലാളികൾ പലപ്പോഴും ഒഴിവാക്കുകയാണ് പതിവ്. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് കമ്പനികൾ വാഗ്ദാനം നൽകുന്നുണ്ടെങ്കിലും നടപ്പിലാകുന്നില്ലെന്ന് കോഴിക്കോട് ജില്ലാ ഇലക്ട്രിക് ഓട്ടോ കമ്മിറ്റി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കബീർ, സെക്രട്ടറി സുബീഷ്, ഗിരിരാജ് തുടങ്ങിയവർ പങ്കെടുത്തു

Advertisement
Advertisement