പ്രവാസികൾക്ക് ആശ്വാസം, ഇൻഡിഗോ നിറുത്തി വച്ചിരുന്ന രണ്ട് വിമാനസർവീസുകൾ പുനരാരംഭിക്കുന്നു
Monday 30 January 2023 8:57 PM IST
റിയാദ് : സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള രണ്ട് വിമാന സർവീസുകൾ ഇൻഡിഗോ വിമാനകമ്പനി പുനരാരംഭിക്കുന്നു. ജിദ്ദ - കോഴിക്കോട്, ദമ്മാം- കോഴിക്കോട് വിമാന സർവീസുകളാണ് മാർച്ച് 26 മുതൽ ഇൻഡിഗോ പുനരാരംഭിക്കുന്നത്, ഇതിനായുള്ള ടിക്കറ്റുകൾ കമ്പനിയുടെ വെബ്സൈറ്റിലും ട്രാവൽ ഏജൻസികളിലും ഇതിനോടകം ലഭ്യമായിട്ടുണ്ട്.
ജിദ്ദയിൽ നിന്ന് എല്ലാ ദിവസവും രാത്രി 12.40നാണ് വിമാനം പുറപ്പെടുക. രാവിലെ ഒമ്പതിന് കോഴിക്കോടെത്തും. തിരിച്ച് രാത്രി 8.30ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11.30ന് ജിദ്ദയിലിറങ്ങും, ദമ്മാമിൽ നിന്ന് രാവിലെ 11.40നാണ് സർവീസ്. വൈകിട്ട് 6.50ന് കോഴിക്കോട്ടെത്തും, കോഴിക്കോട് ദമ്മാം സർവീസ് രാവിലെ 8.40നാണ്. രാവിലെ 10.40ന് ദമ്മാമിലിറങ്ങും. നേരത്തെ ഈ സെക്ടറുകളിൽ സർവീസ് നടത്തിയിരുന്ന ഇൻഡിഗോ പിന്നീട് സർവീസുകൾ നിറുത്തി വച്ചിരിക്കുകയായിരുന്നു.