ഡ്യൂട്ടി പരിഷ്‌കാരവുമായി ആനവണ്ടി; നേട്ടോട്ടമോടി ഗ്രാമീണമേഖലയിലെ ജനങ്ങൾ

Monday 30 January 2023 10:03 PM IST

കാട്ടാക്കട: കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി വന്നതോടെയുണ്ടായ സമയക്രമങ്ങളിലെ മാറ്റവും ഷെഡ്യൂളിൽ 8 മുതൽ 12 മണിക്കൂർ വരെ ജോലി ക്രമീകരണം വന്നതും കാട്ടാക്കട ഡിപ്പോയിലെ ഷെഡ്യൂൾ ട്രിപ്പുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതോടെ മലയോര മേഖകളിലേക്കുള്ള യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്. കാട്ടാക്കടയിൽ 86 ഷെഡ്യൂളുകളാണ് പ്രവർത്തിപ്പിക്കാൻ തീരുമാനമായത്. ഇതാണ് ദുരിതത്തിലാകാൻ കാരണം.

ദിവസവും രാവിലെയും വൈകിട്ടും ഓഫീസ്, സ്‌കൂൾ സമയങ്ങളിലാണ് യാത്രാക്ലേശം രൂക്ഷമാകുന്നത്. ഇതിനിടെ ക്രൂ ചേഞ്ച് സമയത്തും യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്. സമയത്തിന് ബസ് കിട്ടാതെ മണിക്കൂറുകൾ കാത്തിരുന്ന് ഇതര ഡിപ്പോകളിൽ നിന്ന് വരുന്ന ബസിന് പിറകെ ഓടി കുത്തി നിറഞ്ഞു പോകേണ്ട സാഹചര്യമാണ് കാട്ടാക്കടയിലിപ്പോഴുള്ളത്. നെയ്യാർ ഡാം, വെള്ളറട, കുറ്റിച്ചൽ തുടങ്ങി വിവിധ പ്രദേശത്തു നിന്ന് നഗരത്തിലേക്ക് പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് യാത്രാദുരിതം നേരിടുന്നത്.

ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ്, ആർ.സി.സി തുടങ്ങിയ ഇടങ്ങളിലേക്ക് പോകേണ്ടവരും ദുരിതമനുഭവിക്കുകയാണ്. 86 ഷെഡ്യൂൾ കൃത്യമായി പ്രവർത്തിച്ചിരുന്ന കാട്ടാക്കട ഡിപ്പോ തരംതാഴ്ത്തിയത് മുതൽ കൂടുതൽ ദുരവസ്ഥയിലേക്ക് പോകുകയാണ്. ഇരുപതോളം ബസുകൾ സ്‌ക്രാപ് ചെയ്ത് പോയതും യാത്രാക്ലേശം രൂക്ഷമാക്കിയിരുന്നു.

വിനയാകുന്ന പരിഷ്‌കാരങ്ങൾ

യാതൊരുവിധ ക്രമീകരണവുമില്ലാതെ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ കെ.എസ്.ആർ.ടി.സിക്ക് വിനയാകുന്നു. ഗ്രാമീണ മലയോര മേഖലകളിൽ രണ്ടും മൂന്നും ബസ് കയറി യാത്ര ചെയ്യേണ്ടവർ വഴിയിലാകുന്ന അവസ്ഥയാണിപ്പോഴുള്ളത്. മോട്ടോർ വാഹന നിയമം നടപ്പാക്കാനാണ് പുതിയ പരിഷ്‌കാരം. ആവശ്യമെങ്കിൽ 12 മണിക്കൂർ ഷെഡ്യൂൾ ക്രമീകരണങ്ങൾ വരുത്താൻ വകുപ്പുണ്ടെങ്കിലും ഇതു നിർബന്ധിതമായി 12 മണിക്കൂർ മുഴുവൻ സമയ ഡ്യൂട്ടി ആയി മാറുന്നു.

ഒരാൾക്ക് ആറു ദിവസത്തെ ഡ്യൂട്ടി വരുമ്പോൾ 48 മണിക്കൂറാണ് നിയമപരമായുള്ള ഡ്യൂട്ടി സമയം. എന്നാൽ ഒരാളെ 54 മണിക്കൂർ വരെ ഡ്യൂട്ടിക്ക് നിയോഗിക്കാനും ചട്ടമുണ്ട്. ഇതിനെ ദുരുപയോഗം ചെയ്താണ് ഇപ്പോൾ സിംഗിൾ ഡ്യൂട്ടി സംവിധാനം കൊണ്ടുവന്നതെന്ന് തൊഴിലാളികൾ തന്നെ പറയുന്നു. കെ.എസ്.ആർ.ടി.സി ലാഭകരമാക്കാൻ നടപടികൾ ആലോചിക്കുമ്പോൾ ഈ പരിഷ്‌കാരം കൊണ്ട് ലാഭം ഉണ്ടാകുമെന്ന ഉറപ്പും അധികൃതർക്കില്ല. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി പാറശാലയിൽ നടപ്പാക്കിയ സിംഗിൾ ഡ്യൂട്ടി അമ്പേ പരാജയമായിട്ടും ഇതര ഡിപ്പോകളിൽ ഇപ്പോഴും സിംഗിൾ ഡ്യൂട്ടി നടപ്പാക്കുകയാണ്.