കാസർകോട്ടെ സി.പി.എം കൂറുമാറ്റം: സി.പി.ഐയിൽ അസ്വസ്ഥത  ഇടതുമുന്നണി അന്വേഷിക്കുമെന്ന് കാനം

Tuesday 31 January 2023 12:04 PM IST

തിരുവനന്തപുരം: പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരനെ ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ച കേസിലെ സി.പി.എം പ്രവർത്തകരുടെ കൂറുമാറ്റം ഇടതുമുന്നണിയും സി.പി.ഐയും അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. വിഷയത്തിൽ സി.പി.ഐയിൽ അമർഷം മുറുകുന്നതിനിടെയാണ് കാനത്തിന്റെ വിശദീകരണം. 2016ലെ ഇടതുമുന്നണിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ആയിരുന്നു ആക്രമണം.

കേസിൽ കൂറുമാറ്റം നടന്ന് മൂന്ന് ദിവസമായിട്ടും സംസ്ഥാനനേതൃത്വം പ്രതികരിക്കാതിരുന്നത് സി.പി.ഐയിൽ അമർഷം പുകഞ്ഞിരുന്നു. സംസ്ഥാനനേതൃത്വം മൗനം തുടർന്നപ്പോൾ സി.പി.എമ്മിനെതിരെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമർശിച്ച് സി.പി.ഐ ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബു രംഗത്തെത്തിയത് കൂടുതൽ ചർച്ചകൾക്ക് ഇടയാക്കി. പ്രതികരിക്കാതിരുന്ന സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനോടുള്ള പ്രതിഷേധം കൂടിയായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഇതോടെയാണ് അന്വേഷണമുണ്ടാകുമെന്ന പ്രഖ്യാപനം കാനം നടത്തിയത്.

എന്നാൽ പ്രകാശ് ബാബുവിന്റെ വിമർശനത്തെ പിന്തുണയ്ക്കാൻ കാനം തയാറായില്ല. വിമർശനത്തെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നായിരുന്നു കാനം പ്രതികരിച്ചത്. താൻ കുറച്ചുകൂടി ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണെന്നും കാനം പറഞ്ഞു.

ആക്രമണത്തിൽ പരിക്കേറ്റ ഇ.ചന്ദ്രശേഖരൻ കൈയിൽ ബാൻഡേജുമായാണ് 2016ൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കേസിൽ ബി.ജെ.പി പ്രവർത്തകരെ സഹായിക്കുന്ന നിലപാട് സി.പി.എമ്മിൽ നിന്നുണ്ടായത് കടുത്ത അവമതിപ്പായിട്ടാണ് സി.പി.ഐയിൽ വലിയ വിഭാഗം പ്രവർത്തകരും വിലയിരുത്തുന്നത്. സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ ചന്ദ്രശേഖരന് വേണ്ടി സത്യസന്ധമായി മൊഴി കൊടുക്കുന്നതിന് പകരം ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരെ എങ്ങനെയും രക്ഷിക്കണമെന്ന സി.പി.എം പ്രാദേശിക, ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയവും പരിഹാസ്യവുമാണെന്ന് പ്രകാശ്ബാബു ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. സി.പി.എം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് കരുതുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമീപകാലത്തായി സി.പി.ഐ വകുപ്പുകളോട് സർക്കാർതലത്തിൽ നിന്നുണ്ടാകുന്ന സമീപനങ്ങളിലും പാർട്ടിയിൽ നീരസമുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലം വരെ റവന്യുമന്ത്രിയുടെ കീഴിലായിരുന്ന ദുരന്ത നിവാരണവകുപ്പ് കഴിഞ്ഞദിവസം മുഖ്യമന്ത്രി ഏറ്റെടുത്തതും സംസ്ഥാന ഭവനനിർമാണ ബോർഡ് വകുപ്പുമന്ത്രിയോട് ആലോചിക്കാതെ പിരിച്ചുവിടാൻ ആലോചിച്ചതുമടക്കം സി.പി.ഐയിൽ അലോസരമുണ്ടാക്കിയിട്ടുണ്ട്. അതിന് പിന്നാലെയാണ് ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ സി.പി.എമ്മുകാരുടെ കൂറുമാറ്റം.

Advertisement
Advertisement