തൃപ്പൂണിത്തുറയിൽ നഗരസഭ അദ്ധ്യക്ഷയ്ക്കെതിരായ അവിശ്വാസം പാളി

Tuesday 31 January 2023 12:00 AM IST
ബി.ജെ.പി. കൗൺസിലർ അഡ്വ. പി.എൽ. ബാബു നഗരസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു

തൃപ്പൂണിത്തുറ: നഗരസഭാദ്ധ്യക്ഷ രമ സന്തോഷിനെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാളി. നഗരസഭാദ്ധ്യ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ യോഗം ആദ്യമേ ബഹിഷ്കരിച്ചിരുന്നു. ബി.ജെ.പി കൗൺസിലർ അഡ്വ. പി.എൽ. ബാബു പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിന്മേലുള്ള ചർച്ച കഴിഞ്ഞപ്പോൾ യു.ഡി.എഫ് അംഗങ്ങൾ വോട്ടിംഗിൽ നിന്ന് വിട്ടുനിന്നു. അതോടെ വോട്ടിംഗ് നടന്നില്ല.

49 അംഗ കൗൺസിലിൽ നഗരസഭ ഭരിക്കുന്ന എൽ.ഡി.എഫിന് 23 സീറ്റും പ്രതിപക്ഷത്തിന് 26 (ബി.ജെ.പി 17, യു.ഡി.എഫ് 8, സ്വതന്ത്രൻ 1) സീറ്റുമാണുള്ളത്. പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മയാണ് എൽ.ഡി.എഫിന് തുണയായത്. നേരത്തെ 25 സീറ്റുണ്ടായിരുന്ന എൽ.ഡി.എഫിൽ നിന്ന് ബൈ ഇലക്ഷനിൽ ബി.ജെ.പി. രണ്ട് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. അതോടെ കൗൺസിൽ ന്യൂനപക്ഷമായി മാറുകയും ചെയ്തു.

അഴിമതിക്കാരായ ഭരണപക്ഷത്തിന്റെ തണലിലാണ് യു.ഡി.എഫ് എന്നും അവരുടെ ഔദാര്യം പറ്റുന്നതു കൊണ്ടാണ് അവിശ്വാസ പ്രമേയത്തിനെതിരെ ഇരുവരും കൈകോർത്തതെന്നും പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ ആരോപിച്ചു.

ബി.ജെ.പിയും സി.പി.എമ്മും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ ആയതിനാൽ ആരെയും പിന്തുണയ്ക്കേണ്ടെന്നുള്ള പാർട്ടി നിലപാട് മൂലമാണ് വോട്ടെടുപ്പ് ബഹിഷ്കരിച്ചതെന്ന് യു.ഡി.എഫ് പാർലമെന്ററി നേതാവ് കെ.വി. സാജു പറഞ്ഞു.

കൗൺസിൽ യോഗശേഷം ബി.ജെ.പി. നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ സമാപനത്തെ അഭിസംബോധന ചെയ്ത് പാർലമെന്ററി പാർട്ടി ലീഡർ പി.കെ. പീതാംബരൻ, അഡ്വ. പി.എൽ. ബാബു,​ കൗൺസിലർ മധുസൂദനൻ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് നവീൻ ശിവൻ, ജനറൽ സെക്രട്ടറിമാരായ കെ. ടി. ബൈജു, അനിത ബിനു എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement