ഡ്രൈവിംഗ് ടെസ്റ്റിനും  സഹകരണ സംഘം, ആർ.ടി.ഒയുടെ പണി ലൈസൻസ്   നൽകൽ മാത്രം , 5000 ഡ്രൈവിംഗ് സ്കൂളുകളും 25000 തൊഴിലാളികളും പ്രതിസന്ധിയിലേക്ക്

Tuesday 31 January 2023 12:05 AM IST

കണ്ണൂർ: ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള പരിശീലനവും ടെസ്റ്റും നടത്താനുള്ള അധികാരം സഹകരണമേഖലയിലെ പ്രമുഖ സ്ഥാപനത്തിന് കൈമാറാൻ സർക്കാർ ഒരുങ്ങി. ഇവർ നടത്തുന്ന ടെസ്റ്റിനു മേൽനോട്ടം വഹിക്കാൻ മാത്രം മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥൻ എത്തും. തൃപ്തികരമായി വാഹനം ഓടിച്ചാൽ ആർ.ടി. ഓഫീസിൽ നിന്ന് ലൈസൻസ് ലഭിക്കും. ഏപ്രിലോടെ പരിഷ്കാരം നടപ്പാക്കിയേക്കും. ഇതോടെ സംസ്ഥാനത്തെ അയ്യായിരത്തിലേറെ സ്വകാര്യ ഡ്രൈവിംഗ് സ്കൂളുകളും അതുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന 25,000ലേറെപ്പേരും പ്രതിസന്ധിയിലാവും. വിശാലമായ സ്ഥലസൗകര്യവും നവീന സംവിധാനങ്ങളും ഒരുക്കാൻ പ്രാപ്തിയുള്ള സഹകരണ മേഖലയിലെ പ്രമുഖ സ്ഥാപനമാണ് പരിഗണനയിലുള്ളത്. റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിലടക്കം വൈദഗ്ദ്ധ്യമുള്ളതാണ് ഈ സ്ഥാപനം.

അഞ്ചു വർഷത്തേക്കാണ് അനുമതി നൽകുന്നത്. പന്ത്രണ്ടാം ക്ളാസ് പാസായ അഞ്ചുവർഷം ഡ്രൈവിംഗ് പരിചയമുള്ളവരാകണം പരിശീലകർ.

അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിംഗ് സെന്ററുകൾ ഒരുക്കണമെന്ന കേന്ദ്രഗതാഗത വകുപ്പിന്റെ പുതിയ നിയമപ്രകാരമാണ് ഈ നീക്കം. ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്ന് സഹകരണ വകുപ്പ് സർക്കാരിനെ അറിയിക്കുകയായിരുന്നു. ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുത്ത് റോഡുകൾ അപകട രഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഗതാഗത വിദ്യാഭ്യാസം പരിശീലനത്തിന്റെ ഒരു ഭാഗമാണ്. റോഡ് സുരക്ഷയുടെ കാര്യത്തിലായിരിക്കും ആർ.ടി. ഉദ്യോഗസ്ഥർ ഇനി മുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

1989ലെ കേന്ദ്ര മോട്ടോർ വാഹനച്ചട്ടം ഭേദഗതി ചെയ്ത് ലേണേഴ്സ് , ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയ മാനദണ്ഡങ്ങളുമായി 2021 ഫെബ്രുവരിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കരട് വിജ്ഞാപനമിറക്കിയിരുന്നു.

പരിശീലനകേന്ദ്രത്തിലെ

സൗകര്യങ്ങൾ

1. സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി നിർബന്ധം

2. രണ്ട് ക്ലാസ് മുറി, കമ്പ്യൂട്ടർ, മൾട്ടിമീഡിയ പ്രൊജക്ടർ, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, ബയോമെട്രിക് അറ്റൻഡൻസ്
3. കയറ്റവും ഇറക്കവും അടക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിംഗ് ട്രാക്കും വർക്ക് ഷോപ്പും



29 മണിക്കൂർ ക്ളാസ് റൂം പഠനം
ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 29 മണിക്കൂറും ഹെവി വാഹനങ്ങൾക്ക് 38 മണിക്കൂറും ക്ലാസ് റൂം പഠനമാണ്. തിയറിയും പ്രാക്ടിക്കലുമുണ്ട്. ഡ്രൈവിംഗ് തിയറി, ഗതാഗത വിദ്യാഭ്യാസം, വാഹനത്തിന്റെ അടിസ്ഥാന യന്ത്ര അറിവ്, പബ്ലിക് റിലേഷൻ, പ്രഥമശുശ്രൂഷ, ഇന്ധനക്ഷമത തുടങ്ങിയവയാണ് തിയറി ക്ലാസിൽ. ഹെവി ലൈസൻസിന് എയ്ഡ്‌സ്, ലഹരി, മദ്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം, വാഹന റിപ്പയർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പഠനച്ചെലവ് 20,000

1. നിലവിൽ ഡ്രൈവിംഗ് പരിശീലനത്തിന് 7000 മുതൽ 10000 രൂപ വരെയാണ് . പുതിയ സംവിധാനത്തിൽ 20,000 മുതൽ 25,000 രൂപ വരെ നൽകേണ്ടിവരും. എഴുത്തുപരീക്ഷയിൽ പൊതുവിജ്ഞാനം ഉൾപ്പെടുത്താനും നീക്കമുണ്ട്.

2. അപേക്ഷാ ഫീസ് 330 രൂപയിൽ നിന്ന് 1000 മുതൽ 2000വരെ ആയേക്കാം. ലൈസൻസ് പുതുക്കാനും റോഡ് , എച്ച് ടെസ്റ്റുകൾ നടത്തും. ലേണേഴ്സ് എടുത്ത് ഡ്രൈവിംഗ് ലൈസൻസ് കിട്ടുന്നതിനും കാലതാമസമുണ്ടാകും.

അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകൾ അടച്ചുപൂട്ടാൻ ഇടവരുത്തരുത്.
ഷാജി അക്കരമ്മൽ
സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം
ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോ.

Advertisement
Advertisement