പുതിയ ബസുകൾക്കുള്ള സർക്കാർ സഹായം നീളുന്നു, കേന്ദ്ര പദ്ധതി കെ.എസ്.ആർ.ടി.സിക്ക് ആശ്വാസം

Tuesday 31 January 2023 12:00 AM IST

തിരുവനന്തപുരം: പുതിയ ഇലക്ട്രിക്,​ ഡീസൽ ബസുകൾ വാങ്ങുന്നതിന് സംസ്ഥാന സർക്കാർ സഹായവും കിഫ്ബി വായ്പയും അനന്തമായി നീളുന്നതിനിടെയാണ് കേന്ദ്ര പദ്ധതിയിലൂടെ 1000 ഇലക്ട്രിക് ബസുകൾ ലഭിക്കാനുള്ള സാദ്ധ്യത കെ.എസ്.ആർ.ടി.സിക്കു മുന്നിൽ തെളിഞ്ഞത്.

സ്വിഫ്ടിനു വേണ്ടി കിഫ്ബിയിൽ നിന്നും 359 കോടിരൂപ വായ്പ പ്രതീക്ഷിച്ച് 600 ഡീസൽ ബസുകളും 179 ഇലക്ട്രിക് ബസുകളും വാങ്ങാനുള്ള നടപടികൾ നവംബറിൽ പൂർത്തിയാക്കിയിരുന്നു. ഡീസൽ ബസുകൾക്കുള്ള ടെൻഡർ അശോക് ലൈലാൻഡ് കമ്പനിക്ക് നൽകാനുള്ള നടപടി ഏതാണ്ട് പൂർത്തിയായിരുന്നു. എന്നാൽ വായ്പാ തുക ലഭ്യമാകാത്തതോടെ അത് റദ്ദാക്കി വീണ്ടും ടെൻഡർ വിളിച്ച് തടിയൂരേണ്ടി വന്നു.

സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 50 കോടി ലഭ്യമാക്കി 131 ഡീസൽ ബസുകൾ വാങ്ങാൻ ടെൻഡർ നടപടികൾ പൂർത്തിയാക്കിയെങ്കിലും ഫണ്ട് ലഭ്യമായില്ല. അഡ്വാൻസ് നൽകാൻ 17 കോടി സർക്കാരിനോട് അഭ്യർത്ഥിച്ച് കാത്തിരിക്കുകയാണ്. ദീർഘദൂര സർവീസ് ബസുകൾ അഞ്ചുവ‌ർഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് നിയമം. എന്നാൽ, ബസുകളുടെ കുറവ് കാരണം 1800 എണ്ണത്തിന്റെ കാലാവധി ദീർഘിപ്പിച്ച് നൽകി. ഇതിൽ 159 ബസുകൾ പത്തു വർഷമായി സർവീസ് നടത്തുകയാണ്. പുതിയ ബസുകൾ എത്തിയാലേ ഇവയെ പിൻവലിക്കാനാവൂ.

ബസുകൾ 3 ജില്ലകൾക്ക്

കേന്ദ്ര നഗരകാര്യ വകുപ്പിന്റെ ഓഗുമെന്റേഷൻ ഒഫ് സിറ്റി സർവീസ് സ്കീമിൽ ഉൾപ്പെടുത്തി സൗജന്യമായി നൽകുന്ന 250 ഇ- ബസുകളിൽ 100 എണ്ണംവീതം തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ സർവീസിന് ഉപയോഗിക്കും. ശേഷിക്കുന്നത് കോഴിക്കോട് നഗര സർവീസിനും. മറ്റൊരു പദ്ധതിയിലൂടെ കേന്ദ്ര ഊർജ വകുപ്പ് വാടക വ്യവസ്ഥയിൽ നൽകുന്ന 750 ഇ-ബസുകൾ ദീർഘദൂര സർവീസിനുള്ളതാണ്.

Advertisement
Advertisement