139 കോടി ആവിയാവുമോ? ആശങ്കയിൽ കോതിയും ആവിക്കലും

Tuesday 31 January 2023 12:12 AM IST


കോഴിക്കോട്: മലിനജല സംസ്‌കരണ പ്ലാന്റ് നിർമാണത്തിൽ നിന്ന് പിറകോട്ടില്ലെന്ന് കോർപ്പറേഷൻ പ്രഖ്യാപിക്കുമ്പോഴും കോതിയിലും ആവിക്കലിലും കോടികളുടെ പദ്ധതി ആവിയാവുമോയെന്ന് ആശങ്ക. സമരവും കൈയങ്കളിയും കോടതിയും രാഷ്ട്രീയ വടംവലികളുമൊക്കെയായി പദ്ധതി ഞാണിൻമേൽ നിൽക്കുമ്പോൾ നഷ്ടമാവുക പദ്ധതിക്കായി അനുവദിക്കപ്പെട്ട 139.5 കോടി. മാർച്ച് 31കം പ്രാരംഭ പ്രവൃത്തിയെങ്കിലും തുടങ്ങിയില്ലെങ്കിൽ ഫണ്ട് നഷ്ടമാവുമെന്ന് ഉറപ്പാണ്.

അതിനിടെ കോർപ്പറേഷൻ പദ്ധതി ഉപേക്ഷിക്കുകയാണെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ വാർത്താസമ്മേളനം വിളിച്ച് മേയർ നിഷേധിച്ചു. പദ്ധതി എന്തുവിലകൊടുത്തും നടപ്പിലാക്കുമെന്നും ഫണ്ട് ലാപ്‌സായിപ്പോകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മേയർ ഡോ. ബീന ഫിലിപ്പ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം ജനുവരി 31നാണ് പദ്ധതി ആരംഭിക്കാനുള്ള ശ്രമം ആരംഭിച്ചത്. എന്നാൽ മണ്ണ് പരിശോധനയ്‌ക്കെത്തിയവരെ നാട്ടുകാർ തടഞ്ഞു. പിന്നീട് നടന്നത് ഹർത്താലും മറ്റ് പ്രതിഷേധങ്ങളും ഉൾപ്പടെ സമര പരമ്പര. അതിനിടെയാണ് രണ്ടാമത്തെ പ്ലാന്റിനായി തീരുമാനിച്ച കോതിയിലും പ്രതിഷേധം ആരംഭിച്ചത്. നിയമസഭയിലും ചർച്ചയായി. സമരത്തിന് തീവ്രവാദ ബന്ധമെന്ന സി.പി.എം നേതാക്കളുടെ പരാമർശങ്ങൾ പ്രതിഷേധങ്ങൾക്ക് മൂർച്ച കൂട്ടി. ഇതിന്റെ തുടർച്ചയായി പദ്ധതിക്കെതിരെയും സമരക്കാർക്കെതിരെയും കേസുകളും വന്നു. കോതിയിൽ നാല് കേസുകളും ആവിക്കലിൽ ഒരു കേസുമാണ് ഉണ്ടായിരുന്നത്. കോതി പ്ലാന്റുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ കോർപ്പറേഷന് അനുകൂല വിധിയുണ്ടായി. മറ്റ് കേസുകൾ വിവിധ കോടതികളുടെ പരിഗണനയിലാണ്.

പ്ലാന്റ് നിർമിക്കാൻ മഹാരാഷ്ട്രയിലെ സീമാക് ഹൈടെക് പ്രോഡക്ട്‌സും പൈപ്പിടുന്നതിന് അഹമ്മദാബാദിലെ നാസിത് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുമാണ് ടെൻഡറെടുത്തത്. ഡി.പി.ആർ തയ്യാറാക്കിയ റാം ബയോളജിക്കൽസിനെതിരെ നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.

പദ്ധതി നടപ്പാവണമെങ്കിൽ വലിയ കടമ്പകൾ കടക്കണം

പദ്ധതി നടപ്പാക്കാൻ ഇനി വലിയ കടമ്പകളാണ് കോർപ്പറേഷൻ ഭരണ സമിതിയുടെ മുന്നിലുള്ളത്. പദ്ധതി തുകയായ 139.5 കോടി നഷ്ടപ്പെടാതിരിക്കുകയാണ് അതിൽ ഏറ്റവും പ്രധാനം. പ്രതിഷേധവും നിയമപോരാട്ടവും തുടരുന്നതിനാൽ മാർച്ച് 31ന് മുമ്പ് പദ്ധതി നടപ്പാക്കാൻ സാധിക്കില്ലെന്ന് മേയർ പറഞ്ഞു. അമൃത് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായ പ്ലാന്റുകൾ അമൃതിന്റെ രണ്ടാം ഘട്ടത്തിലേക്ക് മാറ്റാനുള്ള ശ്രമമാണ് കോർപ്പറേഷൻ നടത്തുന്നത്. മുമ്പ് 116.25 കോടിയുടെ പദ്ധതിയാണ് റിവിഷനെ തുടർന്ന് 139.5 കോടിയുടേതായി ഉയർന്നത്. വീണ്ടും വൈകുന്നതോടെ ഈ തുകയും വർദ്ധിക്കും.

മാർച്ച് 31ന് കാലാവധി അവസാനിക്കുന്ന അമൃത് ഒന്നിൽ ഉൾപ്പെടുത്തിയിരുന്ന പദ്ധതികൾ ഈ സാമ്പത്തികവർഷം പൂർത്തീകരിക്കാൻ സാധിക്കില്ലെന്ന ആശങ്ക ചീഫ് സെക്രട്ടറി ചെയർമാനായുള്ള അമൃതിന്റെ സ്റ്റേറ്റ് ഹൈപവർ സ്റ്റിയറിംഗ് കമ്മിറ്റിയെയും അഡി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സ്റ്റേറ്റ് ലെവൽ ടെക്‌നിക്കൽ കമ്മിറ്റിയെയും അറിയിച്ചിട്ടുണ്ടെന്ന് മേയർ പറഞ്ഞു. പദ്ധതികൾ അമൃത് രണ്ടിലേക്ക് മാറ്റുന്നതിനായി കോർപ്പറേഷൻ കൗൺസിലിന്റെ അനുമതിയോടെ സർക്കാർ അംഗീകാരത്തിന് സമർപ്പിക്കണം. സംസ്ഥാന തലത്തിലെ കമ്മറ്റികളും കേന്ദ്രതലത്തിലും ഇതിന് അംഗീകാരം ലഭിച്ചാൽ മാത്രമേ പദ്ധതിയ്ക്ക് തുടർച്ച സാദ്ധ്യമാവൂ.

'പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ട്. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കിയ ഉറച്ച നിലപാടുകൾ മുന്നിലുണ്ട്. കോതിയിലും ആവിക്കലിലും മലിന ജല സംസ്‌കരണ പ്ലാന്റ് നടപ്പാക്കും. അതിൽ നിന്ന് പിന്നോട്ടില്ല' മേയർ ഡോ. ബീന ഫിലിപ്പ്

' എസ്.ടി.പി പദ്ധതിക്ക് എതിരല്ല, എന്നാൽ ജനവാസ കേന്ദ്രങ്ങളിൽ ജനഹിതത്തിന് വിരുദ്ധമായി അടിച്ചേൽപ്പിക്കാനുള്ള കോർപ്പറേഷൻ നേതൃത്വത്തിന്റെ പിടിവാശിയാണ് പ്രശ്‌നങ്ങൾക്ക് കാരണം. പദ്ധതി നടപ്പാക്കുമ്പോൾ ദീർഘവീക്ഷണവും പ്രായോഗികതയും ഭരണസമിതി തിരിച്ചറിയണം. പദ്ധതിക്ക് നീക്കിവെച്ച തുക മറ്റേതെങ്കിലും പ്രദേശത്തേക്ക് പ്രയോജനപ്പെടുത്തണം'

കെ.സി.ശോഭിത

പ്രതിപക്ഷനേതാവ്

പ്ലാന്റ് നഷ്ടപ്പെടുത്തുന്നതിൽ രണ്ടു മുന്നണിയും ഉത്തരവാദികൾ: ബി.ജെ.പി
അമൃത് പദ്ധതിപ്രകാരം കോഴിക്കോട് നഗരത്തിന് ലഭിച്ച ആധുനിക മലിനജല സംസ്‌കരണ പ്ലാന്റ് നഷ്ടപ്പെടുത്തുന്നതിൽ രണ്ടുമുന്നണിക്കും തുല്യപങ്കെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ. പ്ലാന്റിന് സ്ഥലം കണ്ടെത്തി അതിന്റെ മേന്മ ബോദ്ധ്യപ്പെടുത്താനോ നയപരമായി വിജയിപ്പിക്കാനോ കോർപ്പറേഷൻ ഭരണാധികാരികൾക്ക് കഴിഞ്ഞില്ല. സർവകക്ഷിയോഗത്തിലുൾപ്പെടെ അനുകൂലിച്ച യു.ഡി.എഫ് പിന്നീട് കാലുമാറുകയും ചെയ്തു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയ നഗരത്തിന് അനിവാര്യമായ ഒരു പദ്ധതി നഷ്ടമാകുമ്പോൾ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഇരുമുന്നണികൾക്കും തലയൂരാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

മേയർ രാജിവയ്ക്കണം: എസ്.ഡി.പി.ഐ

ജനങ്ങളെ വെല്ലുവിളിച്ച് പ്ലാന്റ് നിർമാണവുമായി മുന്നോട്ടു പോകുമെന്ന മേയറുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് എസ്.ഡി.പി.ഐ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടെങ്കിൽ നിർമാണം നിർത്തിവെയ്ക്കുമെന്ന് പ്രഖ്യാപിച്ച മേയർ പിന്നീട് നിർമാണ പ്രവർത്തനം നിർത്തിവെയ്ക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ജനവാസകേന്ദ്രത്തിൽ തന്നെ
കക്കൂസ് മാലിന്യപ്ലാന്റ് നിർമാണത്തിനെതിരെ ജനങ്ങൾ ഒന്നടങ്കം രംഗത്തിറങ്ങിയിട്ടും പിന്മാറാൻ തയ്യാറാകാത്ത ഭരണകൂടം ആരുടെ താത്പ്പര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം.

Advertisement
Advertisement