ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം
Tuesday 31 January 2023 12:56 AM IST
കൊല്ലം: ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഇ.എസ്.ഐ പ്രകാരമുള്ള ചികിത്സാ ആനുകൂല്യം ലഭിക്കാനുള്ള പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
അസംഘടിത മേഖലയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പദ്ധതി തയ്യാറാക്കണമെന്ന് എം.പി ആവശ്യപ്പെട്ടതിന് രേഖാമൂലം കേന്ദ്ര തൊഴിൽ വകുപ്പ് സെക്രട്ടറി ആർതി അഹൂജ നൽകിയ മറുപടിയിലാണ് വിവരം അറിയിച്ചത്.
2020 ലെ സാമുഹിക സുരക്ഷ കോഡിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം നേടുന്നതിനുള്ള വ്യവസ്ഥ ചെയ്തിട്ടുണ്ട്. കോഡ് നടപ്പാക്കുന്ന മുറയ്ക്ക് ഓട്ടോറിക്ഷാ തൊഴിലാളികൾ ഉൾപ്പെടെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം.പി അറിയിച്ചു.