യുവതലമുറ ഗുരുദേവനെ വായിച്ച് അറിയുന്നില്ല: സ്വാമി സച്ചിദാനന്ദ

Tuesday 31 January 2023 1:08 AM IST

തിരുവനന്തപുരം; വിദേശ രാജ്യങ്ങളിലെ സർവകലാശാലകളിൽ ഗുരുദേവൻ പഠന വിഷയമാകുമ്പോഴും ,കേരളത്തിലെ യുവതലമുറ ഗുരുദേവനെക്കുറിച്ചോ ഗുരുവിന്റെ

സംഭാവനകളെക്കുറിച്ചോ വായിച്ചറിയാൻ ശ്രമിക്കുന്നില്ലെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കേരള സർവകലാശാലയുടെ കീഴിലുള്ള ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരു വിഭാവനം ചെയ്തത് ഏകലോക ചിന്തയാണ്. തന്റെ ജീവിത കാലയളവിൽനിടയിൽ ഒരു പ്രസംഗവും നടത്തിയല്ല അദ്ദേഹം സമൂഹത്തെ ഉദ്ധരിച്ചത്. പകരം, ചെറു

വാക്യങ്ങളിലുള്ള സന്ദേശമാണ് നവോത്ഥാനത്തിന് വഴിവിളക്കായത്. നാടാകെ കാൽനടയായി സഞ്ചരിച്ചാണ് ഗുരു ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാക്കിയത്. നിരവധി പള്ളിക്കൂടങ്ങൾ, ക്ഷേത്രങ്ങൾ, വ്യവസായ ശാലകൾ തുടങ്ങി വിവിധ അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിയ യാത്രയിൽ രൂപപ്പെടുത്തി. ജനങ്ങളുടെ കൂട്ടായ പരിശ്രമവും സംഭാവനയും സ്വീകരിച്ചാണിത്. നവോത്ഥാനത്തിന് ഗുരുദേവൻ വഴിതെളിച്ചത് ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ രൂപപ്പെടുത്തിയാണ്. ജാതിക്കും മതത്തിനുമെതിരെ നിരന്തരം പട പൊരുതിയ വിശ്വമഹാഗുരുവായ ശ്രീനാരായണ ഗുരുവിനെ പ്രത്യേക സമുദായത്തിന്റെ ഗുരുസ്വാമിയാക്കി പാർശ്വവത്കരിച്ചതാണ് ആധുനികരായ മലയാളികൾ ചെയ്ത ഏറ്റവും വലിയ പാപം.പുരുഷായുസ് മുഴുവൻ ഗുരു എന്തിനു വേണ്ടിയാണോ നിലകൊണ്ടത് അതിന് വിപരീതമായാണ് അദ്ദേഹത്തെ പലരും വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജാൻ അദ്ധ്യക്ഷനായി.

ചെമ്പഴന്തി അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ. എസ് .ശിശുപാലൻ മുഖ്യപ്രഭാഷണം നടത്തി.ഡോ .എസ്.നസീബ്, ഡോ.എം.എ.സിദ്ദിഖ് എന്നിവർ സംസാരിച്ചു. മലയാള വിഭാഗം അദ്ധ്യക്ഷ ഡോ.സീമാ ജെറോം സ്വാഗതവും ഡോ.ശിവദാസ്.കെ.കെ നന്ദിയും പറഞ്ഞു.

Advertisement
Advertisement