കള്ളുഷാപ്പുകളുടെ കാര്യത്തിൽ നിയമങ്ങളും മാറണം: ഡോ. സെബാസ്റ്റ്യൻ പോൾ

Tuesday 31 January 2023 1:18 AM IST

പെരിന്തൽമണ്ണ: ഭക്ഷണപ്രിയരെയും കുടുംബസദസുകളെയും ആകർഷിക്കും വിധം ആഡംബര ഇടങ്ങളായി കള്ളുഷാപ്പുകൾ മാറുന്ന കാലത്ത് ഇതിനനുസൃതമായി നിയമങ്ങളിൽ മാറ്റം വരേണ്ടതുണ്ടെന്ന് മുൻ എം.പിയും സംഘടന രക്ഷാധികാരിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ. കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ ഏഴാം സംസ്ഥാന സമ്മേളനവും കുടുംബ സംഗമവും അങ്ങാടിപ്പുറം പി.ജി. മോഹൻ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലത്തിനനുസൃമായി വലിയ മാറ്റം കള്ളുഷാപ്പുകളിൽ വന്നിട്ടുണ്ട്. ഇനിയും കൂടുതൽ മാറ്റങ്ങൾ വരുത്താനുമാകും. എന്നാൽ ഹ്രസ്വകാലത്തേക്ക് മാത്രം ലൈസൻസ് നൽകുന്ന സംവിധാനത്തിൽ കൂടുതൽ മുതൽമുടക്കാൻ പരിമിതികളുണ്ട്. ഇത്തരം കാര്യങ്ങളിൽ മാറ്റത്തിനായി സംഘടനയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ടെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

സംഘടനയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുൻ എം.എൽ.എ വി. ശശികുമാർ നിർവഹിച്ചു. മുതിർന്ന ലൈസൻസികളെ ആദരിക്കൽ മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ താജുദ്ദീൻ കുട്ടിയും ചെത്തുതൊഴിലാളികൾക്കുള്ള ധനസഹായ വിതരണം ക്ഷേമനിധി ബോർഡ് അംഗം പി.കെ. കുഞ്ഞുമോനും ഉന്നത വിദ്യാഭ്യാസം നേടിയ കുട്ടികളെ ആദരിക്കൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്തും നിർവഹിച്ചു.

എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ പ്രതിനിധി കെ. രാമകൃഷ്ണൻ,അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എസ്. മോഹൻദാസ്,​കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.കെ. ഭഗീരഥൻ,എം. പി. ജോമി പോൾ,എം. പി. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.