റേസിംഗ് ബൈക്കുകൾ അപഹരിച്ചത് 396 ജീവനുകൾ

Tuesday 31 January 2023 1:21 AM IST

തിരുവനന്തപുരം: ചീറിപ്പാഞ്ഞ റേസിംഗ് ബൈക്കുകൾ അപകടത്തിൽപെട്ട് സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവർഷത്തിനിടെ മരിച്ചത് 396 പേർ. ബൈക്ക് ഓടിച്ചവരും കാൽനടക്കാരും ഉൾപ്പെടെയാണിത്. പരിക്കേറ്റവരുടെ എണ്ണം 647. ഇതിൽ ഗുരുതരമായി പരിക്കേറ്റ 43 പേർ കിടപ്പിലാണ്. 2021, 2022 വർഷങ്ങളിലെ ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോകളുടെ കണക്കുകളിലാണിത്.

തിരുവനന്തപുരം മുതൽ തൃശൂർ വരെയാണ് റേസിംഗ് ബൈക്ക് അപകടങ്ങളും മരണവും ഏറ്റവുമധികം ഉണ്ടായത്. 18നും 30നും ഇടയിൽ പ്രായമുള്ളവരാണ് അപകടത്തിൽപെട്ടവരിൽ ഏറെയും. തിരക്കേറിയ റോഡുകളിലുൾപ്പെടെ അമിത വേഗവും അഭ്യാസ പ്രകടനങ്ങളുമാണ് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നത്.

തിരുവനന്തപുരത്ത് വെള്ളയമ്പലം- കവടിയാർ, കഴക്കൂട്ടം- കോവളം ബൈപ്പാസ്, കൊല്ലത്ത് മേവറം- കാവനാട് ബൈപ്പാസ്, ആശ്രാമം ലിങ്ക് റോഡ്, അഡ്വഞ്ചർ പാർക്ക് റോഡ്, ബീച്ച് റോഡ്, ആലപ്പുഴ ബൈപ്പാസ്, എ.സി റോഡ്, തൃശൂരിൽ വണ്ണപ്പുറം, കാളിയാർ പള്ളിക്കവല, പാലക്കാട്, മലമ്പുഴ തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവുമധികം അപകടങ്ങൾ നടന്നിട്ടുള്ളത്.

രൂപമാറ്റവും വില്ലനാകും

ബൈക്കുകളിൽ വരുത്തുന്ന രൂപമാറ്റങ്ങളും അപകടത്തിന് കാരണമാകാറുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. ഹാൻഡിൽ, ടയറുകൾ തുടങ്ങിയവയിലാണ് പലപ്പോഴും മാറ്റം വരുത്തുന്നത്. യഥാർത്ഥ ടയർ മാറ്റി വീതി കൂടിയവയും വലിപ്പമുള്ളതോ ചെറുതോ ആയ ഹാൻഡിലുകളും പരീക്ഷിക്കുമ്പോൾ വാഹനത്തിന്റെ അലൈൻമെന്റിൽ മാറ്റം വരുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും.

ഇരുചക്രവാഹന അപകടം (2022)

ആകെ.... 23,032

മരണം.... 1533

ഏറ്റവുമധികം

തിരുവനന്തപുരം.... 3088

മരണം.......................148

കുറവ്

വയനാട്....................285

മരണം.......................26

19,576

റേസിംഗ് ബൈക്കുകൾ

(2022ൽ രജിസ്റ്റർ ചെയ്തത്)

ബൈക്ക് റേസിംഗ്

റിപ്പോർട്ട് തേടി

തിരക്കേറിയ റോഡുകളിൽ റേസിംഗ് ബൈക്കുകൾ അമിത വേഗതയിൽ സഞ്ചരിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ അറിയിക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറോടും ഗതാഗത കമ്മിഷണറോടും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചു.

നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. കഴിഞ്ഞ ദിവസം കോവളം വാഴമുട്ടത്ത് 12 ലക്ഷത്തിന്റെ ബൈക്കിടിച്ച് കാൽനടയാത്രക്കാരിയും ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഫെബ്രുവരി 28ന് കേസ് പരിഗണിക്കും.

Advertisement
Advertisement