കൃഷി മന്ത്രിയുടെ ഇസ്രായേൽ യാത്ര മാറ്റിയത് ആഭ്യന്തര യുദ്ധം മൂലമെന്ന്

Tuesday 31 January 2023 1:24 AM IST

തിരുവനന്തപുരം: ആധുനിക കൃഷി രീതി പഠിക്കാൻ കൃഷി മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന ഇസ്രായേൽ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്ന് മാറ്റി.

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടത്തിന് പിന്നാലെ ജറുസലേമിൽ ജൂതപ്പള്ളിക്ക് സമീപം നടന്ന വെടിവയ്പ്പിൽ രണ്ടു ദിവസം മുൻപ് 8 പേർ കൊല്ലപ്പെട്ടു.ഇതേ തുടർന്നാണ് മുഖ്യമന്ത്രി ഇടപെട്ട് യാത്ര ഒഴിവാക്കാൻ ആവശ്യപ്പെട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ രണ്ട് കോടി ചെലവാക്കിയുള്ള ഇസ്രായേൽ യാത്ര വിവാദമായിരുന്നു. കർഷകർക്ക് ആശ്വാസകരമായ നടപടികളും നേരത്തെ പ്രഖ്യാപിച്ച കാർഷിക പദ്ധതികളും നടപ്പാക്കുന്നതിനു പകരം ധൂർത്ത് നടത്തുന്നുവെന്ന ആരോപണം പാർട്ടിയിലും മുന്നണിയിലും ഉയർന്നിരുന്നു. യാത്രക്കെതിരെ ചിലർ കോടതിയിൽ കേസും നൽകി. ഈ സാഹചര്യത്തിലാണ് യാത്ര നടപടികൾ നിറുത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.

കൃഷി മന്ത്രി പി.പ്രസാദിനും കർഷകർക്കുമൊപ്പം ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവർത്തകരും ഇസ്രായേലിലേക്ക് പോകാനിരുന്നതാണ. ഫെബ്രുവരി 12 മുതൽ 19 വരെയായിരുന്നു പര്യടനം തീരുമാനിച്ചിരുന്നത് . ഇതിനായി 20 കർഷകരെ നേരത്തെ കണ്ടെത്തിയിരുന്നു.

യാത്രാ സംഘത്തിലേക്ക് കൃഷി വകുപ്പിലെ മൂന്ന് അഡീഷണൽ ഡയറക്ടർമാരെ ഉൾപ്പെടുത്തിയതാണ് വിവാദമായതെന്ന വാർത്ത മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. അഡീഷണൽ ഡയറക്ടർമാരുടെ സർവീസ് മേയിൽ അവസാനിക്കുന്നതിനാൽ പത്തു വർഷം സർവീസുള്ള അസിസ്റ്റന്റ് ഡയറക്ടറെയാണ് സംഘത്തിൽ നിർദ്ദേശിച്ചിരുന്നതെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്. മാദ്ധ്യമപ്രവർത്തകരെയും സംഘത്തിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നതായി വകുപ്പിലെ ജീവനക്കാർ ആരോപിച്ചിരുന്നു. കൃഷി മേഖലയിലെ യോഗ്യത ഉറപ്പിക്കാൻ കൃഷിപരിപാടിയിൽ സമ്മാനങ്ങളും അവാർഡുകളും നൽകിയാണ് ഇവരുടെ സീറ്റ് ഉറപ്പിച്ചതെന്നാണ് ആരോപണം.ഇസ്രായേലിൽ കാർഷിക മേഖലയിലെ അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്ക്കുകയും ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുന്ന പദ്ധതികൾ കണ്ടു മനസിലാക്കാനായിരുന്നു യാത്ര .

Advertisement
Advertisement